കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുടര്‍ന്നും എതിര്‍ക്കുമെന്ന് മമത ബാനര്‍ജി

single-img
30 January 2012

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുടര്‍ന്നും എതിര്‍ക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പറഞ്ഞു. കേന്ദ്രത്തില്‍ സര്‍ക്കാരിന്റെ നിലനില്‍പിന് തൃണമൂലിനെ ആശ്രയിക്കുന്ന കോണ്‍ഗ്രസ് മറ്റ് രീതിയില്‍ പാര്‍ട്ടിയെ തീര്‍ത്തും അവഗണിക്കുകയാണെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി. ഒരു പ്രാദേശിക ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമത.

തൃണമൂല്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിക്ക് ഒരു കേന്ദ്രമന്ത്രിയും ആറ് സഹമന്ത്രിമാരുമാണ് ഉള്ളത്. സഹമന്ത്രിമാരെ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പോലും കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. പശ്ചിമബംഗാളില്‍ മാറ്റം കൊണ്ടുവന്നത് കോണ്‍ഗ്രസാണെന്ന ജയറാം രമേശിന്റെ പ്രസ്താവനയ്ക്കും മമത ചുട്ടമറുപടി നല്‍കി. 1998 ല്‍ താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചില്ലായിരുന്നെങ്കില്‍ ബംഗാളില്‍ ഒരിക്കലും മാറ്റമുണ്ടാകില്ലായിരുന്നെന്നും ആര് എന്താണ് നല്‍കിയതെന്ന് ബംഗാളിലെ ജനങ്ങള്‍ക്കറിയാമെന്നും മമത പറഞ്ഞു.

എല്ലാ വെല്ലുവിളികളും അതിജീവിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ് സിപിഎമ്മിനോട് പൊരുതി നില്‍ക്കുന്നതെന്നും മമത പറഞ്ഞു. നന്ദിഗ്രാമിലും സിംഗൂരിലും താന്‍ സമരം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് ഇടത് കക്ഷികളുമായി ചേര്‍ന്ന് കേന്ദ്രത്തില്‍ ഭരണം നടത്തുകയായിരുന്നെന്നും മമത ചൂണ്ടിക്കാട്ടി.