ഇറാനെ ആക്രമിക്കാന്‍ യുഎസ് ശക്തമായ ബോംബ് നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

single-img
28 January 2012

ഇറാന്റെ ആണവായുധ നിര്‍മാണശാലകള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക അതിശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. 13.6 ടണ്‍ ഭാരമുള്ള ബോംബുകളാണ് നിര്‍മാണത്തിലിരിക്കുന്നതെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂമിക്കടിയില്‍ സ്ഥിതിചെയ്യുന്ന ഇറാന്റെ ആണവായുധ നിര്‍മാണ ശാലകള്‍ തകര്‍ക്കാന്‍ നിലവിലെ ബോംബുകള്‍ കൊണ്ട് കഴിയില്ലെന്ന് വ്യക്തമായതോടെയാണ് പെന്റഗണ്‍ ഇത്തരമൊരു ശ്രമം ആരംഭിച്ചത്.

നിലവിലുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളെപ്പോലും ചെറുക്കാന്‍ ശേഷിയുള്ള പ്രതിരോധ കവചമാണ് ഇറാന്‍ ഒരുക്കിയിട്ടുള്ളത് എന്നതിനാല്‍ കൂടുതല്‍ ശേഷിയുള്ള ബോംബുകള്‍ തന്നെ വേണമെന്ന നിലപാടിലാണ് പെന്റഗണ്‍. ഇതിന്റെ നിര്‍മാണത്തിനായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് പ്രതിരോധ സെക്രട്ടറി കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം 20 ബോംബുകള്‍ നിര്‍മിക്കാനായി 330 മില്യണ്‍ ഡോളര്‍ യുഎസ് ഇതുവരെ ചെലവിട്ടു കഴിഞ്ഞു. ഇവയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ 82 മില്യണ്‍ ഡോളര്‍ കൂടി അധികമായി അനുവദിക്കണമെന്നാണ് പെന്റഗണിന്റെ ആവശ്യം.