എസ്ബിടി ആദ്യ ഒമ്പതുമാസ പ്രവര്‍ത്തനലാഭം 904.58 കോടി

single-img
24 January 2012

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ 2011-12 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒമ്പതുമാസത്തെ പ്രവര്‍ത്തനലാഭം മുന്‍വര്‍ഷ സമാനകാലയളവിലെ 860.87 കോടി രൂപയുടെ സ്ഥാനത്ത് 904.58 കോടി രൂപയായി വര്‍ധിച്ചു.

2011 ഡിസംബര്‍ വരെയുള്ള കാലയളവിലെ 357.41 കോടിയുടെ അറ്റാദായം വര്‍ഷാനുവര്‍ഷാടിസ്ഥാനത്തില്‍ 26.97 ശതമാനം കുറവാണ്. നിഷ്‌ക്രിയാസ്തികള്‍ക്കും നികുതി ബാധ്യതകള്‍ക്കുമായുള്ള വര്‍ധിത നീക്കിയിരുപ്പ് ലാഭക്കുറവിനു കാരണമാണ്.ഡിസംബര്‍ അന്ത്യത്തിലെ 1325.18 കോടി രൂപ അസല്‍ പലിശ വരുമാനം വര്‍ഷാനുവര്‍ഷാടിസ്ഥാനത്തില്‍ 3.99 ശതമാനത്തിനും മുകളിലാണ്. 2011 ഡിസംബറില്‍ അസല്‍ പലിശ മാര്‍ജിന്‍ 2.63 ശതമാനമാണ്.

2010 ഡിസംബറിലെ 386.44 കോടിയെ അപേക്ഷിച്ച് ആകെ പലിശേതരവരുമാനം 23 ശതമാനം വളര്‍ച്ചയോടെ 474.16 കോടിയായി. ട്രഷറി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ആദായം 118.51 കോടി രൂപ 72.50 ശതമാനം വര്‍ഷാനുവര്‍ഷവര്‍ധനയോടെ പലിശേതര വരുമാനത്തിലെ വര്‍ധനവിന് കാരണമായി. 21ന് ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ നടപ്പു സാമ്പത്തികവര്‍ഷ ആദ്യത്തെ ഒമ്പതുമാസ കണക്കുകള്‍ രേഖപ്പെടുത്തി.