ഇറാനെതിരേ യൂറോപ്യന്‍ യൂണിയന്റെ എണ്ണ ഉപരോധം; തള്ളുന്നുവെന്ന് ഇറാന്‍

single-img
24 January 2012

ഇറാനില്‍ നിന്നു ക്രൂഡ്ഓയില്‍ വാങ്ങുന്നതു നിര്‍ത്തിവയ്ക്കാന്‍ ബ്രസല്‍സില്‍ ഇന്നലെ ചേര്‍ന്ന 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം തീരുമാനിച്ചു. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കാന്‍ തയാറാവാത്ത ഇറാനെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന എണ്ണ ഉപരോധം ഗള്‍ഫില്‍ വീണ്ടും യുദ്ധഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ തീരുമാനം തള്ളുന്നതായി ഇറാന്‍ അറിയിച്ചു.

അന്തര്‍ദേശീയ വിപണിയില്‍ ഇറാന്‍ പ്രതിദിനം വില്‍ക്കുന്നത് 26ലക്ഷം ബാരല്‍ എണ്ണയാണ്. ഇത്രയും എണ്ണയുടെ കുറവുണ്ടായാല്‍ ഇന്ധനവില കുതിച്ചുയര്‍ന്നേക്കാം. പ്രതികാരമായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ അമേരിക്ക ഇടപെടുകയും തുടര്‍ന്ന് യുദ്ധമു ണ്ടാവുകയും ചെയ്യാമെന്ന് ആശങ്ക പരന്നിട്ടുണ്ട്. ഇറാനെതിരേയുള്ള എണ്ണ ഉപരോധം ജൂലൈയിലേ പൂര്‍ണമായി പ്രാബല്യത്തില്‍ വരികയുള്ളൂ. അതിനുശേഷം എണ്ണ ഇറക്കുമതിക്കായി ഇറാനുമായി പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളെ അനുവദിക്കില്ല. സൗദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്നത് ഇറാനാണ്.

ഇറാന്റെ എണ്ണക്കയറ്റുമതിയില്‍ 20% യൂറോപ്പിലേക്കാണ്. ഇറാന്റെ എണ്ണക്കയറ്റുമതിക്ക് തടസമുണ്ടായാല്‍ ഹോര്‍മൂസ് അടച്ച് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയുടെ നീക്കം തടയുമെന്ന് ഇറാന്‍ പാര്‍ലമെന്റിന്റെ വിദേശകാര്യകമ്മിറ്റിയുടെ ഉപമേധാവി മുഹമ്മദ് കോസാരി പറഞ്ഞതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു.