അവലോകനയോഗത്തില്‍ പിജെ. ജോസഫും കൊടിക്കുന്നിലും ഏറ്റുമുട്ടി

single-img
23 January 2012

കുട്ടനാട് പാക്കേജ് അവലോകന യോഗത്തില്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫും മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷുമായി വാക്കേറ്റം. ഇതേത്തുടര്‍ന്നു മങ്കൊമ്പില്‍ മന്ത്രി പി.ജെ. ജോസഫ് വിളിച്ചുചേര്‍ത്ത കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും കുട്ടനാട് പാക്കേജ് അവലോകനയോഗം അലങ്കോലമായി. മന്ത്രിക്കുനേരേ കൈയേറ്റശ്രമവുമുണ്ടായി.

പാക്കേജ് ചര്‍ച്ചകള്‍ക്കിടയില്‍ മുല്ലപ്പെരിയാര്‍ വിഷയം പരാമര്‍ശിക്കപ്പെട്ടതാണ് ബഹളത്തിനു കാരണമായത്. ബഹളത്തെത്തുടര്‍ന്ന് ഇരുവിഭാഗം രാഷ്ട്രീയപ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പരസ്പരം വെല്ലുവിളികള്‍ നടത്തി. ബഹളം ആരംഭിച്ച് കുറച്ചുസമയത്തിനുശേഷമാണു പോലീസ് എത്തിയത്. എ.സി. കനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ക്കും ആലോചനകള്‍ക്കുമിടയിലാണ് മുല്ലപ്പെരിയാര്‍ പരാമര്‍ശം കടന്നുവന്നത്. ചര്‍ച്ചകള്‍ക്കിടെ എ.സി. കനാലിനു പകരമായി മറ്റൊരു കനാല്‍ തുറക്കണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു. ഇക്കാര്യം പരിഗണിക്കാമോയെന്ന് മന്ത്രി പ്രതിനിധികളോടാരാഞ്ഞു. അതു മുല്ലപ്പെരിയാറിനേക്കാള്‍ പ്രശ്‌നമാകുമെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി തിരിച്ചടിച്ചു. ഇതുകേട്ട മന്ത്രി വികാരാധീനനായി മുല്ലപ്പെരിയാറിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും കേന്ദ്രത്തില്‍ച്ചെന്നു കുഴപ്പമുണ്ടാക്കാതിരുന്നാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

ഇതോടെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ വേദിയിലേക്കു കയറി. മന്ത്രിക്കരികിലെത്തിയ ഇവര്‍ ബഹളം വയ്ക്കുകയും മന്ത്രിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഉടന്‍ മറ്റൊരുവിഭാഗം മന്ത്രിക്കു പിന്തുണയുമായെത്തി. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രി ശ്രമിക്കുന്നുണ്ടായിരുന്നു. ബഹളം നീണ്ടുപോകുന്നതിനിടെ തോമസ് ചാണ്ടി എംഎല്‍എ യോഗം അവസാനിച്ചതായി പ്രഖ്യാപിച്ചു. പാര്‍ട്ടിപ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സുരക്ഷാവലയം തീര്‍ത്താണു മന്ത്രി യെ യോഗസ്ഥലത്തുനിന്നു യാത്രയാക്കിയത്.

ഇറെസ്‌പോണ്‍സിബിള്‍(ഉ ത്തരവാദിത്വമില്ലാത്ത) എംപി എന്നു കൊടിക്കുന്നിലിനെ നോക്കി പി.ജെ. ജോസഫ് പറഞ്ഞുവെന്ന് ആരോപിച്ചാണു ബഹളം തുടങ്ങിയത്. എന്നാല്‍ ഇറെസ്‌പോണ്‍സിബിള്‍ എന്നല്ല, റെസ്‌പോണ്‍സിബിള്‍ എംപി എന്നാണു മന്ത്രി പറഞ്ഞതെന്നു ചടങ്ങില്‍ അധ്യക്ഷനായിരുന്ന തോമസ് ചാണ്ടി പിന്നീട് വിശദീകരിച്ചു.

ആമുഖപ്രസംഗത്തിനിടെ, പദ്ധതിയില്‍ എന്തൊക്കെ പോരായ്മകള്‍ സംഭവിച്ചിട്ടുണെ്ടങ്കിലും അവയെല്ലാം പരിഹരിച്ച് സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു മറുപടിയായി തന്റെ പ്രസംഗത്തില്‍, പദ്ധതി യഥാസമയം പൂര്‍ത്തിയാക്കാമെന്ന മന്ത്രിയുടെ പ്രഖ്യാപനം ആഗ്രഹം മാത്രമാണെന്നും ഇത് എത്രമാത്രം യാഥാര്‍ഥ്യമാകുമെന്ന് തനിക്ക് ഉറപ്പില്ലെന്നും കൊടിക്കുന്നില്‍ തുറന്നടിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണം നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂര്‍ധന്യാവസ്ഥയിലെത്തിയത്. ജനപ്രതിനിധികള്‍ പരോക്ഷമായി അങ്ങോട്ടുമിങ്ങോട്ടും പഴിചാരുന്നതും കാണാമായിരുന്നു. യോഗത്തിന്റെ ആദ്യം മുതല്‍തന്നെ പ്രസംഗിച്ചവര്‍ പരസ്പരം കുറ്റം ആരോപിച്ചു തുടങ്ങിയിരുന്നു.