ചരിത്രമുറങ്ങുന്ന മരണമഞ്ചങ്ങള്‍

single-img
23 January 2012
സെമിത്തേരികള്‍ എന്നും  മരണത്തിന്റെ നനവുള്ള ഓര്‍മ്മകളാണ്. എന്നാല്‍ അനന്തപുരിയിലെ അതിപുരാതനവും മണ്മറഞ്ഞ മേല്ക്കോയിമത്തത്തിന്റെ  ജീവനുള്ള ബാക്കിപത്രവുമായ  പാളയത്തിലെ  സി എസ്‌ ഐ ക്രിസ്തീയ  ദേവാലയം
നമ്മുക്ക് മുന്‍പില്‍  തുറക്കുന്നത് ചരിത്രത്തിന്റെ എടുകളിലേക്ക് കാലങ്ങളാല്‍ മറയ്ക്കപ്പെട്ടു പോയ ഭൂതകാലത്തിന്റെ അവശേഷിപ്പുകളാണ്.
പള്ളിമുറ്റത്തിനു   ചുറ്റും ഏക്കറുകളോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്ന സെമിത്തേരിയില്‍ ഇരുന്നൂറോളം ബ്രിട്ടീഷ്‌ക്കാരുടെതടക്കം ആയിരത്തില്‍ പരം കല്ലറകള്‍ ഉണ്ട്. പള്ളിയുടെ നിര്‍മാണത്തിന് 45 വര്‍ഷങ്ങള്‍ക്കു  മുന്‍പ് 1814 ഒക്ടോബര്‍ 6 നു അടക്കം ചെയ്ത ബ്രിട്ടീഷ്‌ മേധാവി ലെഫ്ടനന്റ്റ്. ഹെന്‍റി ടിക്സണ്‍ ന്റെ ശവമാടമാണ്‌ ഇതില്‍ ഏറ്റവും പഴക്കം ചെന്നതായി രേഖകള്‍ പറയുന്നത്.
പള്ളി സെമിത്തേരിയില്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത് കേരളം ഭരിച്ചിരുന്ന നിരവധി പട്ടാള  മേധാവികള്‍ , രാജകുടുംബാഗങ്ങള്‍, ക്രിസ്തീയ പുരോഹിതന്മാരുടെതടക്കം കല്ലറകള്‍ കാണാം. സ്വാതിതിരുന്നാള്‍ രാജാവിന്റെ ഭരണകാലത്തുണ്ടായിരുന്ന   പ്രമുഖ ബ്രിട്ടിഷ് വാന നിരീക്ഷകന്‍ ജോണ്‍ കോള്‍ ഡികോററ്, ഭരണ മേധാവി ഐസക് ഹെന്‍റി പ്രിന്സ്, തിരുവിതാം കൂറിലെ ക്രൈസ്തവ ചരിത്രം എഴുതിയ പ്രസിദ്ധ എഴുത്തുക്കാരന്‍ സി എം ഒഗോര്‍ തുടങ്ങിയ പ്രമുഖന്‍മാരും ഈ പള്ളിമുറ്റത്താണ് അന്ത്യ വിശ്രമം കൊള്ളുന്നത്‌.
അന്നത്തെ മഹാരാജാവ് ഹിസ്‌  ഹൈനസ്  ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ സാന്നിധ്യത്തില്‍  1858 ഡിസംബര്‍ 13 ന്  ബ്രിട്ടിഷ് ഭരണ പ്രതിനിധി ജനറല്‍ കുല്ലെന്‍ ആണ് സി എസ്‌ ഐ പള്ളിയുടെ നിര്‍മാണത്തിന് തറക്കല്ലിട്ടത്‌. കേണല്‍ ഫോന്സ്‌, ഡോ. വാരിംഗ് എന്നീ ബ്രിട്ടീഷ്‌ മേധാവികളുടെ പേരില്‍ മഹാരാജാവ് എഴുതികൊടുത്ത ഉടമ്പടിയില്‍ പില്കാലത്ത് സെമിത്തേരി വികസിപ്പിക്കാന്‍ അധിക സ്ഥലം അനുവദിക്കുകയായിരുന്നു.
സെമിത്തേരിയും പ്രധാന പള്ളിയുടെ വിപുലീകരണവും രൂപകല്‍പ്പന ചെയ്ത പ്രസിദ്ധ ആര്‍ക്കിടെക്റ്റ് ലാറി ബെക്കറും  അന്ത്യ വിശ്രമം കൊള്ളുന്നത് ഈ ചരിത്ര സെമിത്തേരിയില്‍ ആണ്. റെസിഡന്റ്റ്  കുല്ലെന്‍ സമര്‍പ്പിച്ച ആശയവിനിമയ ഉപകരണം ഉള്‍പ്പെടെ പ്രൌഡ ഗംഭീരമായ വാസ്തുകലയും ഈ ക്രിസ്തീയ ദേവാലയത്തിന്  മാത്രം അവകാശപെട്ടതാണ്.
ഇവിടെ എത്തി ചേരുന്ന  ആര്‍ക്കും ഒന്ന് കാതോര്‍ത്താല്‍ കേള്‍ക്കാം.. പോയ കാല ചരിത്രത്തിന്റെ കുളമ്പടികളുടെ നേര്‍ത്ത ശബ്ദം..