അച്ഛന്റെ ഓര്‍മ്മയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് രോഹിത് മടങ്ങി

single-img
20 January 2012

തബലയിലും വൃന്ദവാദ്യത്തിലും എ ഗ്രേഡ് നേടിയ പത്താം ക്ലാസുകാരന്‍ രോഹിത് ഭണ്ഡാരി പൊട്ടിക്കരഞ്ഞുകൊണ്ടു മടങ്ങി. വിജയപ്രാര്‍ഥനയുമായി ഒപ്പമെത്തിയ പിതാവിന്റെ ചലനമറ്റ ശരീരത്തിനൊപ്പമാണു വിജയപ്പതക്കവുമായി രോഹിത് ആംബുലന്‍സില്‍ യാത്രയായത്. ഒപ്പം കാസര്‍ഗോഡുനിന്നെത്തിയ താരങ്ങളെല്ലാം കണ്ണീരോടെ കലോത്സവ നഗരിയോടു വിടചൊല്ലി. നാളെ വൈകുന്നേരം നടക്കേണ്ട ഗാനമേള അടക്കമുള്ള മത്സരങ്ങളില്‍ പങ്കെടുക്കാതെ.

രോഗബാധിതനായിരുന്നിട്ടും ആവേശപൂര്‍വം കലോത്സവനഗരി യില്‍ എത്തിയതായിരുന്നു ഹോസ്ദുര്‍ഗില്‍ ബിസിനസുകാരനായ, ഇന്‍ഡസ് മോട്ടോര്‍ ഷോറൂമിനു സമീപം താമസിക്കുന്ന സുധാകര ഭണ്ഡാരി(47).ന്യൂമോണിയ ബാധിച്ച ഇദ്ദേഹത്തെ മിനിയാന്നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ പതിനൊന്നോടെ മരിച്ചു.

കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ പ്രതിനിധീകരിക്കുന്ന മകന്‍ രോഹിതിനോടൊപ്പം സുധാകര ഭണ്ഡാരി തൃശൂരിലെത്തിയിരുന്നു ഒപ്പം ഭാര്യ പത്മാവതിയും ഇളയമകന്‍ ശ്യാമപ്രസാദും തൃശൂരില്‍ എത്തിയിരുന്നു.

തളര്‍ന്ന് അവശനിലയിലായിരുന്ന അദ്ദേഹം എ ഗ്രേഡ് കിട്ടിയ മകന്റെ ഫോട്ടോ പത്രത്തില്‍ വന്നോയെന്ന് അവസാനമായി ആരാഞ്ഞിരുന്നു. ഒരു പത്രത്തിലും ഫോട്ടോ വന്നില്ലെന്നറിഞ്ഞു ദുഃഖിതനായിരുന്നു.

തബല, വൃന്ദവാദ്യം, ഗാനമേള എന്നിവയായിരുന്നു രോഹിതിന്റെ മത്സരയിനങ്ങള്‍.തബലയിലും വൃന്ദവാദ്യത്തിലും രോഹിത്എ ഗ്രേഡ് നേടിയിരുന്നു. ഇന്നു വൈകുന്നേരം നടക്കുന്ന ഗാനമേളയില്‍കൂടി പങ്കെടുത്തു മടങ്ങാനിരുന്നതാണ്. എന്നാല്‍ രോഹി തിന്റെ പിതാവിന്റെ മരണംമൂലം സ്‌കൂളില്‍നിന്നുള്ള സംഘം കണ്ണീരോടെ മത്സരങ്ങളെല്ലാം ഉപേക്ഷിച്ച് ഇന്നലെ ഉച്ചയോടെയാണു മട ങ്ങിയത്.