യാഹു സഹസ്ഥാപകന്‍ ജെറി യാംഗ് രാജിവച്ചു

single-img
17 January 2012

വാഷിംഗ്ടണ്‍: പ്രമുഖ ഇന്റര്‍നെറ്റ് സ്ഥാപനമായ യാഹുവിന്റെ സഹസ്ഥാപകന്‍ ജെറി യാംഗ് രാജിവച്ചു. തായ്‌വാനില്‍ ജനിച്ച ജെറി യാംഗ്, യുഎസ് സ്വദേശിയായ ഡേവിഡ് ഫിലോയ്‌ക്കൊപ്പം 1995ലാണ് യാഹുവിനു രൂപംനല്‍കിയത്. യാഹുവിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു. കൂടാതെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.

മുന്‍ പേപാല്‍ എക്‌സിക്യൂട്ടീവായിരുന്ന സ്‌കോട്ട് തോംസണെ പുതിയ സിഇഒയായി യാഹു നിയമച്ചതിനു തൊട്ടുപിന്നാലെയാണ് ജെറി യാംഗ് ബോര്‍ഡില്‍ രാജിവച്ചത്. രണ്ടാഴ്ച മുമ്പാണ് തോംസണ്‍ യാഹുവിന്റെ സിഇഒ ആയി സ്ഥാനമേറ്റത്. ഗൂഗിളിനെ മുന്നേറ്റം പ്രതിരോധിക്കാന്‍ യാഹുവിനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കണമെന്ന് ജെറി യാംഗ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹം ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കു ഇരയായിരുന്നു. യാഹുവിനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് 2008ല്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇരുപതിനായിരം കോടി ഡോളറാണ് യാഹുവിന്റെ ആസ്തി. യാഹുവിനു പുറത്തുള്ള വഴികള്‍ തേടാന്‍ സമയമായതായി രാജിപ്രഖ്യാപനത്തിനു ശേഷം അദ്ദേഹം പറഞ്ഞു. അതേസമയം, കമ്പനിയുടെ നിലവിലെ ബോര്‍ഡിനു പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോംസണിന്റെ വരവില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും ജെറി പറഞ്ഞു.