ഉല്ലാസക്കപ്പല്‍ദുരന്തം: ക്യാപ്റ്റന്‍ വീട്ടുതടങ്കലില്‍

single-img
17 January 2012

റോം: ഇറ്റലിയിലെ പടിഞ്ഞാറന്‍ തീരപ്രദേശമായ ജിഗ്ലിയോ ദ്വീപിനടുത്തു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പാറയിലിടിച്ചു ഭാഗികമായി മുങ്ങിയ ഉല്ലാസക്കപ്പല്‍ കോസ്റ്റ കോണ്‍കോര്‍ഡിയയുടെ ക്യാപ്റ്റന്‍ ഫ്രാന്‍ചെസ്‌കോ ഷെറ്റിനോ വീട്ടുതടങ്കലില്‍. 11 പേരുടെ ജീവനപഹരിച്ച കപ്പല്‍ ദുരന്തത്തിന്റെ ഉത്തരവാദിയായ ഷെറ്റിനോയെ വീട്ടുതടങ്കലിലാക്കാന്‍ ജഡ്ജി വലേരിയ മൊണ്‌ടെസാര്‍ക്കിയോ ഉത്തരവിട്ടതായി പ്രതിഭാഗം അഭിഭാഷകന്‍ ബ്രൂണോ ലെപോറാട്ടി അറിയിച്ചു.

അപകടത്തേത്തുടര്‍ന്ന് ജയിലിലായിരുന്ന ഷെറ്റിനോയെ മോചിപ്പിച്ചശേഷം വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. കപ്പല്‍ ഉപേക്ഷിച്ചതിനും അപകടമുണ്ടാക്കിയതിനും ഷെറ്റിനോയുടെ പേരില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഷെറ്റിനോയെ പോലീസ് അറസ്റ്റു ചെയ്തത്. അപകടത്തെത്തുടര്‍ന്നു ലൈഫ് ബോട്ടില്‍ രക്ഷപ്പെടാന്‍ ഒരുങ്ങവേയായിരുന്നു അറസ്റ്റ്.

ഇന്നലെ നടത്തിയ തെരച്ചിലില്‍ അഞ്ചു മൃതദേഹങ്ങള്‍ കണെ്ടടുത്തതോടെ ഔദ്യോഗിക മരണസംഖ്യ 11 ആയി. ഇനിയും 24 പേരെ കണെ്ടത്താനുണെ്ടന്നാണ് ഔദ്യോഗികസ്ഥിരീകരണം. കപ്പലില്‍ 4200ലധികം പേരാണുണ്ടായിരുന്നത്. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദി ഷെറ്റിനോയാണെന്നു കപ്പലിന്റെ ഉടമകളായ കോസ്റ്റ ക്രൂയിസസ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ പിയര്‍ ലൂയിജി ഫോസ്ചി പറഞ്ഞു. സ്ഥിരം യാത്ര ചെയ്യുന്ന റൂട്ടില്‍നിന്നു ക്യാപ്റ്റന്‍ മനപ്പൂര്‍വം വ്യതിചലിച്ചതും ജിഗ്ലിയോ ദ്വീപിനോടു ചേര്‍ന്നു കപ്പല്‍ തിരിച്ചുവിട്ടതുമാണു പാറയിലിടിക്കാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.