ചൈനയെപ്പോലെ ഏകാധിപത്യ രാജ്യമല്ല ഇന്ത്യയെന്നു ഗൂഗിള്‍

single-img
16 January 2012

ന്യൂഡല്‍ഹി: ഇന്ത്യ ചൈനയെപ്പോലെ ഏകാധിപത്യ രാജ്യമല്ലെന്നും വെബ്‌സൈറ്റുകളെ തടയുന്നത് ജനാധിപത്യ രാജ്യമായ ഇന്ത്യക്കു ഭൂഷണമല്ലെന്നും ഗൂഗിള്‍ ഇന്ത്യ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച ഹര്‍ജിയില്‍ നടന്ന വാദത്തിനിടയിലാണ് ഗൂഗിള്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

പ്രശ്‌നം ഭരണഘടന വിഭാവനം ചെയ്യുന്ന ആവിഷ്‌കാരം, അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ സംബന്ധിക്കുന്നതാണ്. ഇക്കാര്യത്തില്‍ ഇന്ത്യ ചൈനയില്‍ നിന്നു വേറിട്ടുനില്‍ക്കുന്നതായി ഗൂഗിളിന്റെ അഭിഭാഷകന്‍ എന്‍.കെ. കൗള്‍ വാദിച്ചു. തങ്ങളുടെ നിലപാടിനെ സാധൂകരിക്കാന്‍ വിര്‍ജിന്‍ എന്ന വാക്ക് ഉദാഹരണമായി ഗൂഗിള്‍ ചൂണ്ടിക്കാട്ടി. സെര്‍ച്ച് എന്‍ജിനില്‍ ഈ വാക്കിന് 0.33 സെക്കന്‍ഡിനുള്ളില്‍ 82.30 കോടി റിസല്‍റ്റ് കിട്ടും. ഈ വാക്ക് ഉപയോഗിക്കുന്നതു തടഞ്ഞാല്‍ ബുദ്ധിമുട്ടുന്നത് ഉപയോക്താക്കളായിരിക്കും. കാരണം വിര്‍ജിന്‍ എന്ന വാക്ക് വിര്‍ജിന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെ അനേകം കാര്യങ്ങളെ അര്‍ഥമാക്കുന്നുണ്ട്.

മെട്രോപൊളിറ്റന്‍ കോടതി പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് വാദം നടന്നത്. ഗൂഗിള്‍ ഇന്ത്യ ഒരു സെര്‍ച്ച് എന്‍ജിനോ വെബ്‌സൈറ്റോ അല്ല. അത് അമേരിക്കന്‍ കമ്പനിയുടെ നിയമപ്രകാരമുള്ള ഒരു സംരംഭം മാത്രമാണെന്നും അതിനാല്‍ സമന്‍സിനു നിയമസാധുതയില്ലെന്നും കമ്പനി വാദിച്ചു. എന്നാല്‍ ഹര്‍ജിക്കാരനായ വിനയ് റായ് ഈ വാദം തള്ളി. ഗൂഗിള്‍ കോര്‍പറേഷന്‍ സെര്‍ച്ച് എന്‍ജിന്‍ കമ്പനിയാണെന്നും ഗൂഗിള്‍ ഇന്ത്യയില്‍ അവര്‍ക്ക് 1,91,294 ഓഹരികളുണെ്ടന്നും വ്യക്തമാക്കി.