വി.എസിന് പ്രതിപക്ഷ നേതാവായി തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് എം.എം. ഹസന്‍

single-img
12 January 2012

തിരുവനന്തപുരം: ബന്ധുവിന് ഭൂമി നല്‍കാന്‍ അഴിമതിക്കു കൂട്ടുനിന്ന വി.എസ് അച്യുതാനന്ദന് പ്രതിപക്ഷ നേതാവായി തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് കെപിസിസി വക്താവ് എം.എം. ഹസന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹസന്‍.

മുഖ്യമന്ത്രി താങ്കളോട് സംസാരിച്ചതനുസരിച്ച് സമീപിക്കുന്നുവെന്നാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയില്‍ ടി.കെ. സോമന്‍ വ്യക്തമാക്കുന്നത്. അധികാര ദുര്‍വിനിയോഗമാണ് വി.എസ് നടത്തിയിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിന്റെ നിര്‍വചനത്തില്‍ ശിക്ഷാര്‍ഹമായ നടപടിയാണിത്. വി.എസിന് അല്‍പമെങ്കിലും ആദര്‍ശം ബാക്കിയുണ്‌ടെങ്കില്‍ പൊതുസേവകനെന്ന നിലയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്നതിനെ ധാര്‍മികമായി ന്യായീകരിക്കാനാകില്ലെന്നും ഹസന്‍ പറഞ്ഞു. ഇത്രയും നാള്‍ വി.എസ് നടത്തിയ അഴിമതി വിരുദ്ധ പോരാട്ടങ്ങളെ നിഷ്പ്രഭമാക്കുന്നതാണ് ഈ നടപടിയെന്നും അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ നായകന്‍ എന്ന് വിശേഷിപ്പിച്ചിരുന്ന ഒരു വിഗ്രഹം തകരുകയാണെന്നും ഹസന്‍ പറഞ്ഞു.

തെളിവുകളുടെ അടിസ്ഥാനത്തിലുളള റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമെന്നാണ് വി.എസ് പ്രതികരിച്ചത്. രാഷ്ട്രീയ പ്രേരിതമെന്ന വാക്കുകൊണ്ട് തെളിവുകളെയും രേഖകളെയും വസ്തുതകളെയും മറച്ചുപിടിക്കാനാകില്ലെന്ന് ഹസന്‍ പറഞ്ഞു.