കുട്ടനാട് പാക്കേജ് അനശ്ചിതത്വത്തില്‍

single-img
7 January 2012

ആലപ്പുഴ: കുട്ടനാട് പാക്കേജ് സംബന്ധിച്ചു വീണ്ടും വിവാദങ്ങള്‍ തലപൊക്കുന്നു. പാക്കേജില്‍പ്പെടുത്തി ആകെ നടന്നിട്ടുള്ളത് 10 കിലോമീറ്റര്‍ പൈല്‍ ആന്‍ഡ് സ്ലാബ് നിര്‍മാണം മാത്രമാണ്. ആദ്യം കല്ലുകെട്ടാനെടുത്ത തീരുമാനം വ്യാപകമായ എതിര്‍പ്പിനേത്തുടര്‍ന്നു മാറ്റിയാണ് പൈല്‍ ആന്‍ഡ് സ്ലാബ് നിര്‍മാണം ആരംഭിച്ചത്. കാര്‍ഷിക പാക്കേജിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ മുന്‍ഗണനാക്രമം തെറ്റിച്ചതായി കഴിഞ്ഞദിവസം കുട്ടനാട് സന്ദര്‍ശിച്ച കേന്ദ്ര ആസൂത്രണ കമ്മീഷന്‍ മെംബര്‍ സെക്രട്ടറി സുധാപിള്ള പറഞ്ഞിരുന്നു.

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടു പരിസ്ഥിതി ആഘാത പഠനം നടത്താത്തതിന്റെ പ്രശ്‌നങ്ങളും പ്രോജക്്ട് ഡയറക്ടറെ നിയമിക്കാത്തതുമെല്ലാം കേന്ദ്രസംഘത്തിന്റെ വിമര്‍ശനത്തിനിടയാക്കി. എന്നാല്‍ നിലവില്‍ നടത്തിയിരിക്കുന്ന പൈല്‍ ആന്‍ഡ് സ്ലാബ് നിര്‍മാണം പ്രോസ്പിരിറ്റി കൗണ്‍സിലില്‍ പോലും ആലോചിക്കാതെയാണു നടപ്പാക്കിയിരിക്കുന്നതെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍ പറയുന്നു. നിര്‍മാണത്തിലെ അപാകതകള്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നതു ശരിയല്ലെന്നും മൂന്നുവര്‍ഷമായി ഇതൊന്നും പറയാത്തവര്‍ ഇപ്പോള്‍ പറയുന്നത് പദ്ധതി നടത്തിപ്പിനെ തളര്‍ത്തുമെന്നും കേന്ദ്രസംഘത്തെ പരോക്ഷമായി ഉദ്ദേശിച്ചു കൃഷിമന്ത്രി പറയുന്നു.

വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോഴും കുട്ടനാട് തണ്ണീര്‍ത്തടത്തിന്റെ കാര്‍ഷികപ്രതിസന്ധി പരിഹരിക്കുന്നതിനും സമഗ്ര വികസനത്തിനുമായി ഡോ. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണേ്ടഷന്‍ സമര്‍പ്പിച്ച കുട്ടനാട് പാക്കേജ് തണുത്തുറയ്ക്കുകയാണ്.

ആകെ 3406.28 കോടിക്കുള്ള പദ്ധതികളാണ് 1840 കോടിയുടെ പാക്കേജിനായി സര്‍ക്കാര്‍സമര്‍പ്പിച്ചത്. ഇതില്‍ 3397.59 കോടി കേന്ദ്രസര്‍ക്കാരിന്റെ വിഹിതവും 8.69 കോടി സംസ്ഥാനസര്‍ക്കാരിന്റെ വിഹിതവുമായാണ് തരംതിരിച്ചിരിക്കുന്നത്. ഇതില്‍ 1292.60 കോടിയുടെ പദ്ധതികള്‍ക്കാണ് ആദ്യഘട്ട അനുമതി ലഭിച്ചത്. ഇതില്‍ 1286.97 കോടി കേന്ദ്രവിഹിതവും 8.63 കോടി സംസ്ഥാന വിഹിതവുമാണ്. ഇതില്‍ 2011 ഒക്ടോബര്‍ 20 വരെ 83.54 കോടി രൂപയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതില്‍ 77.38 കോടി കേന്ദ്രവിഹിതവും 6.16 കോടി സംസ്ഥാന വിഹിതവുമാണ്. ഇതേ കാലയളവില്‍ 54.47 കോടി വിനിയോഗിച്ചതായാണ് കണക്ക്. 48.35 കോടി കേന്ദ്രവിഹിതവും 5.38 കോടി സംസ്ഥാനവിഹിതവുമുള്‍പ്പെടെയാണിത്. 2008 ജൂലൈ 24നാണ് കേന്ദ്രസര്‍ക്കാര്‍ കുട്ടനാട് പാക്കേജിന് തത്വത്തില്‍ അംഗീകാരം നല്കിയത്.

പാക്കേജിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മൊത്തത്തില്‍ പരിസ്ഥിതി പഠനങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. ആകെ നടന്നിട്ടുള്ളത് തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയുടെ നവീകരണം സംബന്ധിച്ച പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ്. കോഴിക്കോട് കേന്ദ്ര ജലവിഭവവികസനകേന്ദ്രം, ഐഐടി ചെന്നൈ എന്നീ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ പഠനറിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. പാക്കേജ് കാര്യക്ഷമമായി നടപ്പാക്കാനായി മൂന്ന് കമ്മിറ്റികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്കിയിരിക്കുന്നത്. നയപരമായ വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്കുന്നതിനായി മുഖ്യമന്ത്രി തലവനായുള്ള പ്രോസ്പിരിറ്റി കൗണ്‍സില്‍, വിവിധ വകുപ്പുകളെ ക്രോഡീകരിച്ച് പാക്കേജ് നടപ്പിലാക്കുന്നതിനായി ചീഫ് സെക്രട്ടറി തലവനായുള്ള കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി. വിവിധ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനായി കാര്‍ഷികോത്പാദന കമ്മീഷണര്‍ തലവനായിട്ടുള്ള ടാസ്‌ക് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി.

ഇതിനുപുറമെ പാക്കേജിന്റെ പ്രവര്‍ത്തനപരിധിയില്‍വരുന്ന ആലപ്പുഴ, കോട്ടയം, പത്തനം തിട്ട ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഇത്രയധികം കമ്മിറ്റികള്‍ ഒരു പാക്കേജിനെ നിയന്ത്രിക്കാനുണ്ടാക്കിയിട്ടും ഒരു പ്രവര്‍ത്തനവും മുമ്പോട്ടുപോകാത്ത സ്ഥിതിയില്‍ പാക്കേജ് എങ്ങനെ നടപ്പാക്കുമെന്നറിയാതെ വലയുകയാണ് കര്‍ഷകര്‍.