സിഡ്‌നി ടെസ്റ്റ്: ഇന്ത്യ തോല്‍വിയിലേക്ക്

single-img
5 January 2012

സിഡ്‌നി: ഓസീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാനുള്ള ഇന്ത്യയുടെ ശ്രമം പാളി. 468 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 114 എന്നനിലയിലായിരുന്നു. 68 റണ്‍സുമായി ഗൗതം ഗംഭീറും എട്ടു റണ്‍സുമായി സച്ചിന്‍ തെണ്ടുല്‍ക്കറുമാണ് നാലാം ദിനം കളി ആരംഭിച്ചത്. തുടക്കം മുതല്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സച്ചിന്‍ ഇന്ത്യയുടെ സ്‌കോര്‍ വേഗം കൂട്ടി. സ്‌കോര്‍ 168ല്‍ നില്‍ക്കുമ്പോള്‍ പീറ്റര്‍ സിഡിലിന്റെ പന്തില്‍ വാര്‍ണര്‍ക്കു ക്യാച്ച് നല്‍കി ഗംഭീര്‍ മടങ്ങി. 83 റണ്‍സുമായാണ് ഗംഭീര്‍ ക്രീസ് വിട്ടത്.

പിന്നീട് സച്ചിനൊപ്പം ക്രീസിലെത്തിയ വിവിഎസ് ലക്ഷ്മണ്‍ മികച്ച രീതിയിലാണ് ഓസീസ് ബൗളര്‍മാരെ നേരിട്ടത്. നാലാം ദിനം ലഞ്ചിനു പിരിയുന്നതിനു മുമ്പ് സച്ചിനും ലഞ്ച് ടൈമിനു ശേഷം ലക്ഷ്മണും അര്‍ധസെഞ്ചുറി തികച്ചു. 89 പന്തില്‍ നിന്നു സച്ചിന്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ 92 പന്തില്‍ നിന്നാണ് ലക്ഷ്മണ്‍ 50 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഏറെ കാത്തിരിപ്പിനൊടുവില്‍ സെഞ്ചുറിയില്‍ സെഞ്ചുറി തികയ്ക്കുമെന്ന ഘട്ടത്തില്‍ സച്ചിന്‍ ഏവരെയും ഞെട്ടിച്ച് പുറത്തായി. ഓസീസ് ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന്റെ പന്തില്‍ ഹസിയ്ക്കു ക്യാച്ച് നല്‍കിയ സച്ചിന്‍ ഒരിക്കല്‍കൂടി ആരാധകരെ നിരാശരാക്കി. 80 റണ്‍സുമായി സെഞ്ചുറിയിലേയ്ക്കുള്ള കുതിപ്പിനിടെയായിരുന്നു സച്ചിന്റെ അപ്രതീക്ഷിത പുറത്താകല്‍. ഇതോടെ ഇന്ത്യ നാലിന് 271 എന്ന നിലയിലായി. സച്ചിനു പിന്നാലെ ഹില്‍ഫന്‍സിന്റെ പന്തില്‍ ലക്ഷ്മണ്‍ ബൗള്‍ഡ്. 66 റണ്‍സായിരുന്നു ലക്ഷ്മണിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ 276ന് അഞ്ച് എന്ന നിലയിലേയ്ക്കു തകര്‍ന്നു. ഹില്‍ഫന്‍സിന്റെ തൊട്ടടുത്ത ഓവറില്‍ ധോണിയും കൂടാരം കയറി. രണ്ടു റണ്‍സുമായാണ് ധോണി കളംവിട്ടത്. തൊട്ടുപിന്നാലെ ഒന്‍പതു റണ്‍സുമായി കോഹ്‌ലിയും മടങ്ങി. കോഹ്‌ലിയെ പാറ്റിസണ്‍ എല്‍ബിഡബ്ല്യൂവില്‍ കുടുക്കുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ആര്‍. അശ്വിനും സഹീര്‍ ഖാനുമാണ് ക്രീസില്‍. ഇന്ത്യയ്ക്കു ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ മൂന്നു വിക്കറ്റു ശേഷിക്കേ 182 റണ്‍സ് കൂടി വേണം.