നാനോ വിജയം തന്നെ: രത്തന്‍ടാറ്റ

single-img
5 January 2012

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ചെറിയ കാര്‍ എന്ന ബഹുമതിക്കര്‍ഹമായ നാനോ പരാജയമല്ലെന്നു ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ടാറ്റ. നാനോയ്ക്ക് ഒന്നര ലക്ഷം ഉപയോക്താക്കള്‍ ഇപ്പോഴുണ്ട്. എന്നാല്‍ അതു പാവപ്പെട്ട വാഹനമാണെന്ന പ്രചാരണവുമായാണ് ഇപ്പോള്‍ മല്ലുപിടിച്ചുകൊണ്ടിരിക്കുന്നത്.

വളരെ വികാരപരമായ സാഹചര്യങ്ങളിലാണ് ഒരു ചെറു കാറിന് രൂപം നല്‍കിയത്. എന്നാല്‍ അതിന്റെ പരസ്യപ്രചാരണത്തിന്റേയും വിപണന ശൃംഖലയുടെയും കാര്യത്തില്‍ വീഴ്ച സംഭവിച്ചതായി രത്തന്‍ ടാറ്റ സമ്മതിച്ചു.

നാനോയുടെ ഭാവിയില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ട്. അമേരിക്കയ്ക്കും യൂറോപ്പിനും വേണ്ടി 624 ക്യൂബിക് സെന്റിമീറ്റര്‍ വാതക എന്‍ജിന്‍ നാനോ കാര്‍ നിര്‍മിക്കാന്‍ പദ്ധതി തയാറാക്കി വരികയാണ്.

ഡിസൈന്‍ ഉള്‍പ്പെടെ മിക്ക കാര്യങ്ങളിലും മാറ്റമുണ്ടാകും. ഡല്‍ഹിയില്‍ ആരംഭിച്ച വാഹന മേളയില്‍ സി എന്‍ ജി മോഡല്‍ നാനോ കാര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പാവപ്പെട്ടവന്റെ കാര്‍ എന്ന രീതിയിലല്ല നാനോയെ അവതരിപ്പിച്ചത്.

എല്ലാവര്‍ക്കും സ്വീകാര്യമായ, എല്ലാ സാഹചര്യങ്ങള്‍ക്കും ഇണങ്ങുന്ന ഒരു കുടുംബവാഹനം എന്നതാണ് ഉദ്ദേശിച്ചത്. നാനോയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിട്ടുള്ള പിക്‌സല്‍ കാര്‍ യൂറോപ്പിന്റെ സാഹചര്യങ്ങള്‍ക്കും സംസകാരത്തിനും യോജിച്ചതരത്തിലുള്ളതാണെന്നു ടാറ്റ പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തികനയങ്ങളില്‍ തളര്‍ച്ച ബാധിച്ചുവെന്ന ഒരുവിഭാഗം കോര്‍പറേറ്റു ലോബിയുടെ വാദം രത്തന്‍ ടാറ്റ തള്ളി. ആഗോളതലത്തില്‍ മാന്ദ്യമുണെ്ടങ്കിലും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ വളരെ ശക്തമാണ്. സര്‍ക്കാരിന്റെ നയങ്ങളില്‍ തളര്‍ച്ചയുണെ്ടന്ന ചില വ്യവസായികളുടെ വാദത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഈയിടെ വിമര്‍ശിച്ചതിനു പിന്നാലെ ടാറ്റയുടെ പരാമര്‍ശം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്ന നിലയില്‍ രത്തന്റെ അവസാന വര്‍ഷമാണിത്. അടുത്ത ഡിസംബറില്‍ അദ്ദേഹം പടിയിറങ്ങും.