സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കി

single-img
4 January 2012

ന്യൂഡല്‍ഹി: വ്യാജന്‍മാരില്‍ നിന്ന് ഉപയോക്താക്കള്‍ക്കു കൂടുതല്‍ സംരക്ഷണം ഉറപ്പുവരുത്താന്‍ സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഇപ്പോള്‍ സ്വര്‍ണാഭരണ നിര്‍മാതാക്കള്‍ സ്വമേധയ ആണ് ഹാള്‍മാര്‍ക്ക് ചെയ്യുന്നത്. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനാണ് ഹാള്‍മാര്‍ക്ക് ചെയ്യുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സിനാണ് ഇതിന്റെ ഭരണപരമായ ചുമതല നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് 1986 ലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് നിയമത്തില്‍ ഭേദഗതി അംഗീകരിച്ചുകൊണ്ട് സ്വര്‍ണം ഉള്‍പ്പെടെ കൂടുതല്‍ ഉത്പന്നങ്ങള്‍ക്കു ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയത്. സിമന്റ്, മിനറല്‍ വാട്ടര്‍, പാലുത്പന്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പടെ 77 ഇനങ്ങള്‍ക്കാണ് ഇപ്പോള്‍ ഹാള്‍മാര്‍ക്കുള്ളത്. ഹാള്‍മാര്‍ക്ക് നിബന്ധന ലംഘിച്ചാല്‍ കടുത്ത പിഴശിക്ഷയും നിര്‍ദേശിക്കുന്നുണ്ട്.