ഡല്‍ഹി വിമാനത്താവളത്തിലെ തീപിടുത്തം: കോടികളുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തല്‍

single-img
4 January 2012

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അര്‍ധരാത്രിയിലുണ്ടായ തീപിടുത്തത്തില്‍ കോടികളുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിന്റെ ചുമതലയുള്ള സിലേബി കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് ആദ്യം തീപിടുത്തമുണ്ടായത്.

രാത്രി 12.45 ഓടെയാണ് തീപിടുത്തമുണ്ടായത്. ജീവനക്കാര്‍ വിമാനത്താവളത്തിലെ ഉപകരണങ്ങള്‍ വച്ച് ആദ്യം തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അഗ്നിശമനയുടെയും പോലീസിന്റെയും പുറം യൂണിറ്റുകള്‍ വിവരമറിഞ്ഞത് 1.15 ഓടെയാണ്. 33 ഫയര്‍ എന്‍ജിനുകള്‍ നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. പുലര്‍ച്ചെ 6.30 ഓടെയാണ് തീ പൂര്‍ണമായി അണയ്ക്കാനായത്.

സിലേബിയുടെ ഓഫീസ് കൂടാതെ 10 വിമാനകമ്പനികളുടെ ഓഫീസുകളും ഈ ഫ്‌ളോറില്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ഓഫീസുകളിലും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.