ചൈനീസ് വ്യാപാരകേന്ദ്രത്തില്‍ നിന്നു ഇന്ത്യക്കാര്‍ വിട്ടുനില്‍ക്കണമെന്ന്

single-img
3 January 2012

ബെയ്ജിംഗ്: ചൈനയില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ അപമാനിച്ച സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കച്ചവടകേന്ദ്രങ്ങളിലൊന്നായ ചൈനയിലെ യിവു നഗരത്തിലെ വിപണിയില്‍ നിന്നു ഇന്ത്യന്‍ വ്യാപാരികള്‍ വിട്ടുനില്‍ക്കണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു.

ഷാംഗ്ഹായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജോലിചെയ്യുന്ന എസ്. ബാലചന്ദ്രന്‍ എന്ന നയതന്ത്രജ്ഞനെ യിവുവിലെ ചൈനീസ് കച്ചവടക്കാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തേത്തുടര്‍ന്നാണ് എംബസി നിര്‍ദ്ദേശം. ബാലചന്ദ്രനെ കൈയേറ്റം ചെയ്യാനുള്ള ചൈനീസ് കച്ചവടക്കാരുടെ ശ്രമം തടയാന്‍ അധികൃതര്‍ ഫലപ്രദമായൊന്നും ചെയ്തില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കേസില്‍ അകപ്പെട്ട രണ്ട് ഇന്ത്യക്കാര്‍ക്കു നിയമസഹായം നല്‍കാനായി യിവുവില്‍ എത്തിയപ്പോഴാണ് അദ്ദേഹം അപമാനിതനായത്. രണ്ടു ഇന്ത്യക്കാരെ ചൈനീസ് കച്ചവടക്കാര്‍ മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. ഇവരെ പിന്നീട് പോലീസെത്തിയാണ് മോചിപ്പിച്ചത്. യിവുവിലെ ഇന്ത്യന്‍ വ്യാപാരികള്‍ ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ചൈനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ ഡല്‍ഹിയിലെ വിദേശകാര്യമന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.