മികച്ച നടിയായി വിദ്യാബാലന്‍

single-img
2 January 2012

ഏക്താ കപൂര്‍നിര്‍മ്മിച്ച് മിലന്‍ ലുതാരിയ സംവിധാനം ചെയ്ത ‘ദി ഡേര്‍ട്ടി പിക്ചര്‍’ മികച്ച ചിത്രമായും ഇതിലെ അഭിനയത്തിലൂടെ മലയാളിയായ വിദ്യാബാലനെ മികച്ച നടിയായും തെരഞ്ഞെടുത്തു. പതിനെട്ടാമത് നാഷണല്‍ മീഡിയ നെറ്റ്‌വര്‍ക്ക് ഫിലിം ആന്‍ഡ് ടി.വി അവാര്‍ഡ്‌സ് ആണ് ദി ഡേര്‍ട്ടി പിക്ചറിനെയും വിദ്യയേയും മികച്ചതായി തെരഞ്ഞെടുത്തത്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത റീമേക്ക് ചിത്രം ‘സിങ്ക’ത്തിലൂടെ അജയ്‌ദേവ്ഗണ്‍ മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള അവാര്‍ഡ് ഷാരൂഖ് ഖാന്‍ ചിത്രമായ ‘ഡോണ്‍ 2’ ഒരുക്കിയ ഫര്‍ഹാന്‍ അക്തറിനാണ്. സിനിമാക്കാരന്‍ രമേശ് സിപ്പി, ഗാനരചയിതാവ് ഗുല്‍സാര്‍, ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ടി.വി അഗര്‍വാള്‍ തുടങ്ങിയവര്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ നല്‍കും. ഓള്‍ ടൈം ഹീറോയ്ക്കുള്ള അവാര്‍ഡ് അനില്‍കപൂറിനാണ് നല്‍കുന്നത്. മികച്ച ഹിന്ദി ന്യൂസ് ചാനല്‍ അവാര്‍ഡിന് എന്‍ഡിടിവിയെ തെരഞ്ഞെടുത്തു. ഏഷ്യന്‍ അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടി.വി മികച്ച ഇന്‍സ്റ്റിറ്റിയുട്ടിനുള്ള അവാര്‍ഡിനായും തെരഞ്ഞെടുത്തിട്ടുണ്ട്.