സിഡ്‌നി ടെസ്റ്റ്: ഇന്ത്യ 191 ന് പുറത്ത്

single-img
2 January 2012

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് കാലിടറുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോര്‍ 191 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റെടുത്ത പാറ്റിന്‍സണ്‍ ആണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയത്.

സ്‌കോര്‍ ബോര്‍ഡ് തുറക്കുംമുമ്പ് ഓപ്പണര്‍ ഗൗതം ഗംഭീറിനെ ഇന്ത്യയ്ക്കു നഷ്ടമായി. ജെയിംസ് പാറ്റിന്‍സണിന്റെ പന്തില്‍ മൈക്കിള്‍ ക്ലാര്‍ക്ക് ഗംഭീറിനെ പിടികൂടുകയായിരുന്നു. അധികം വൈകാതെ അഞ്ച് റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡും കൂടാരം കയറി. പീറ്റര്‍ സിഡില്‍ ദ്രാവിഡിനെ എഡ് കൊവാന്റെ കൈകളിലെത്തിച്ചു. 30 റണ്‍സെടുത്ത വീരന്ദര്‍ സെവാഗിനെ ഹാഡിന്റെ കൈകളിലെത്തിച്ച് പാറ്റിന്‍സണ്‍ ഇന്ത്യയ്ക്കു മൂന്നാമത്തെ തിരിച്ചടി നല്‍കി.

ലക്ഷ്മണിനെ പുറത്താക്കി നാലാം വിക്കറ്റ് കൂടി പാറ്റിന്‍സണ്‍ വീഴ്ത്തിയതോടെ ഇന്ത്യ ശരിക്കും വിയര്‍ത്തു. പാറ്റിസണിന്റെ പന്തില്‍ രണ്ടു റണ്‍സെടുത്ത വിവിഎസ് ലക്ഷ്മണ്‍ ഷോണ്‍ മാര്‍ഷിന് പിടികൊടുത്ത് മടങ്ങുകയായിരുന്നു. ഇതിനിടെ വിരാട് കൊഹ്‌ലി പരമാവധി ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും പീറ്റര്‍ സിഡിലിന്റെ പന്തില്‍ ഹാഡിന്‍ പിടികൂടി കൊഹ്‌ലിയെയയും മടക്കി. കൊഹ്‌ലി 23 റണ്‍സെടുത്തു. ഒരു വശത്ത് ഇഷ്ടഗ്രൗണ്ടില്‍ സച്ചിന്‍ ശ്രദ്ധാപൂര്‍വ്വം ബാറ്റ് വീശിക്കൊണ്ടിരുന്നപ്പോള്‍ വീണ്ടും ഇന്ത്യ പ്രതീക്ഷിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ ക്ലീന്‍ ബൗള്‍ഡിലൂടെ സച്ചിന്റെ വിക്കറ്റ് വീഴ്ത്തി പാറ്റിന്‍സണ്‍ വീണ്ടും ഇന്ത്യന്‍ പ്രതീക്ഷ തല്ലിക്കെടുത്തി.

സച്ചിന്‍ 41 റണ്‍സെടുത്തിരുന്നു. 124 ന് ആറ് എന്ന നിലയിലായിരുന്നു സച്ചിന്‍ പുറത്താകുമ്പോള്‍ ഇന്ത്യ. മുങ്ങിത്താഴുന്ന കപ്പലില്‍ അവസാന തുഴച്ചില്‍ നടത്തുക മാത്രമായിരുന്നു പിന്നീട് ക്രീസിലുണ്ടായിരുന്ന ധോണിക്ക് മുന്‍പിലുള്ള പോംവഴി. കൂട്ടിനെത്തിയ ആര്‍. അശ്വിനും ധോണിക്ക് പിന്തുണ നല്‍കാന്‍ ശ്രമിച്ചു. ഒടുവില്‍ 20 റണ്‍സില്‍ അശ്വിന്‍ പുറത്തായതോടെ ഇന്ത്യയുടെ തകര്‍ച്ച പൂര്‍ണമായി. അശ്വിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ സഹീര്‍ഖാനും ഒരു ഓവറിന് ശേഷം ഇഷാന്ത് ശര്‍മയും പിന്നീട് ഉമേഷ് യാദവും സംപൂജ്യരായി മടങ്ങി. ധോണി പുറത്താകാതെ 56 റണ്‍സെടുത്തു.

ഓസീസിന് വേണ്ടി ഹില്‍ഫന്‍ഹാസും സിഡിലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മെല്‍ബണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ 121 റണ്‍സിന് വിജയിച്ചിരുന്നു. പരമ്പരയില്‍ ഓസീസ് 1-0 ത്തിന് മുന്നിലുമാണ്.