ഇരുന്നൂറോളം പേരുടെ ശൈശവ വിവാഹം നടത്തിയതായി കണ്ടെത്തി

single-img
2 January 2012

കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ 200-ഓളം പേര്‍ ശൈശവ വിവാഹ നടത്തിയതായി അധികൃതര്‍ കണെ്ടത്തി. അതിര്‍ത്തി ഗ്രാമങ്ങളായ ജഗ്ഗള്ളി, ഗണ്ടത്തുര്‍, ഉദിബൂര്‍, മഗ്ഗ, മരളി എന്നിവിടങ്ങളിലാണ് വന്‍ തോതില്‍ ശൈശവ വിവാഹങ്ങള്‍ നടത്തിയതായി അധികൃതര്‍ കണെ്ടത്തിയത്.

അതിര്‍ത്തി ഗ്രാമങ്ങളില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണെ്ടന്ന് പരാതിയെത്തുടര്‍ന്ന് മൈസൂര്‍ ജില്ലാ കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അധികൃതര്‍ കഴിഞ്ഞ ദിവസം ഗ്രാമങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. സ്ത്രീസംഘം, റൈത്തറസംഘം തുടങ്ങിയവയായിരുന്നു പരാതിയുമായി രംഗത്തെത്തിയത്.

കര്‍ണാടക മന്ത്രിമാരായ രാംദാസ്, നാരായണ സ്വാമി, എച്ച്ഡി കോട്ട എംഎല്‍എ ചിക്കണ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം ഗ്രാമങ്ങളിലെത്തിയത്. ജഡ്ജിമാരും എംഎല്‍എമാരും സംഘത്തിലുണ്ടായിരുന്നു.

18 വയസില്‍ താഴെയുള്ള 200ഓളം പെണ്‍കുട്ടികളെ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ വിവാഹം കഴിച്ചയച്ചതായി സംഘം കണെ്ടത്തി. കഴിഞ്ഞുപോയതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും എന്നാല്‍ ഇനി ഇത്തരം വിവാഹങ്ങള്‍ നടത്തിയാല്‍ രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും അടയ്‌ക്കേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.

ആരെങ്കിലും ഇത്തരം വിവാഹങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം അധികൃതരെ അറിയിക്കണമെന്ന് സംഘത്തിലുണ്ടായിരുന്ന മൈസൂര്‍ ജില്ലാ കളക്ടര്‍ ഗ്രാമീണരോട് ആവശ്യപ്പെട്ടു. കര്‍ണാടകയിലെ ഓടറസ് വേടൈ ഗൗഡര്‍മാര്‍ക്കിടയിലും ആദിവാസികള്‍ക്കിടയിലുമാണ് ശൈശവ വിവാഹം വ്യാപകമായി നടക്കുന്നത്.