മകനെ കഴുത്തറുത്തു കൊലപ്പെടുത്തിയത് ശല്യം സഹിക്കാനാകാതെയെന്ന് അമ്മ

single-img
29 December 2011

കൊല്ലം: മകനെ കൊലപ്പെടു ത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലായ മാതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി. തേവള്ളി ഓലയില്‍ ശ്യാം നിവാസില്‍ ശ്യാം (23) കൊല്ലപ്പെട്ട കേസില്‍ അമ്മ ശകുന്തളയെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 നാണ് സംഭവം. കഴുത്തറുത്ത് കൊലചെയ്യപ്പെട്ട ശ്യാം വര്‍ഷങ്ങളായി മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് വെളിപ്പെടുത്തി. സ്‌കൂള്‍തലം മുതലേ മയക്കുമരുന്ന് ഉപയോഗിച്ച് മാനസിക നിലതന്നെ തെറ്റിയിരുന്നതായി പറയപ്പെടുന്നു. ഉപദ്രവം കൂടിവന്നപ്പോഴാണ് അമ്മച്ചിവീട്ടിലെ ലഹരിവിമോചന കേന്ദ്രത്തിലെ ചികിത്സ തേടിയത്.

തുടര്‍ന്ന് അവിടെ ചികിത്സ നടത്തിയെങ്കിലും കൃത്യമായി ചികിത്സക്കെത്താറില്ലെന്നും പറയയുന്നു. മയക്കു മരുന്നിന്റെ അമിത ഉപയോഗം മാനസിക നില തകരാറിലാക്കിയിരുന്നെന്നു ബന്ധുക്കള്‍ വെളിപ്പെടുത്തി. ഡ്രഗ്‌സ് ഉപയോഗിച്ചാല്‍ ശ്യാം ഉപദ്രവകാരിയാണെന്ന് നാട്ടുകാര്‍ പറയുന്നു. തീരെ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് കൃത്യം ചെയ്തതെന്ന് അമ്മ ശകുന്തള പോലീസിനോട് പറഞ്ഞു. ഇന്നലെ രാവിലെ വീട്ടില്‍ നിന്നും പുറത്തുപോയ ശ്യാം പത്തോടെ എത്തി സമീപത്തെ ഇവരുടെ ബന്ധു പൊന്നമ്മയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് വീട്ടിനുള്ളില്‍ ബഹളമുണ്ടാക്കുകയും വീട്ടുകാരെ ഉപദ്രവിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ശ്യാമിനെ ബന്ധിച്ച് ആശുപത്രിയിലെത്തിക്കുകയും മയങ്ങുവാനുള്ള മരുന്ന് നല്‍കുകയും ചെയ്തു.

ശ്യാമിന്റെ ഉപദ്രവത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ബന്ധുവിനെ കണ്ടിട്ട് മകന് ചോറുമായി പോയതാണ് ശകുന്തള. കൊലപാതകം കരുതിക്കൂട്ടി നടത്താന്‍ കൈയില്‍ കറിക്കത്തിയും കരുതിയിരുന്നു. മയങ്ങുന്ന മകന്റെ അരികില്‍ കുറേ നേരമിരുന്ന ശേഷമാണ് ഒളിപ്പിച്ചു വച്ചിരുന്ന കത്തി പുറത്തെടുത്ത് കഴുത്തറുത്തത്. കുറേ നേരം അടുത്തിരുന്നതിനാല്‍ കൊല നടത്താനാണ് ഉദേശമെന്ന് സമീപത്തെ ബഡിലുള്ളവര്‍ക്കും തോന്നിയില്ലെന്ന് പറയുന്നു. രക്തം ചീറ്റുന്നതും നിലവിളിയും കേട്ടാണ് ആശുപത്രിക്കാര്‍ എത്തിയത്. ആശുപത്രി അധികൃതര്‍ എത്തി വെസ്റ്റ് പോലീസില്‍ വിവിരമറിയിച്ചു. ജില്ലാ ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചു.

ശ്യാമിന്റെ ഉപദ്രവത്തില്‍ സഹികെട്ടിരുന്നതായി ശകുന്തള പോലീസിനോട് പറഞ്ഞു. ശ്യാം നിരന്തരം വീട്ടുകാരെ ഉപദ്രവിക്കു മായിരുന്നുവെന്നും പറഞ്ഞു. ഇതിനിടെ എന്‍ജിനീയറിയ റിംഗ് പഠനത്തിന് പോയെങ്കിലും അതും മുടങ്ങി. സിഐ കമറുദീന്‍, എസ്‌ഐ ജസ്റ്റിന്‍ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് ഇന്‍ക്വസ്റ്റ് തയാറാക്കിയത് മൃതദേഹം രാവിലെ പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.