അന്നാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു

single-img
28 December 2011

മുംബൈ: ശക്തമായ ലോക്പാല്‍ ബില്ലിനായി മുംബൈ എംഎംആര്‍ഡിഎ മൈതാനത്ത് ഇന്നലെ ആരംഭിച്ച നിരാഹാര സമരം അന്നാ ഹസാരെ അവസാനിപ്പിച്ചു. ശക്തമായ ലോക്പാല്‍ ബില്ല് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനിറങ്ങുമെന്ന് നിരാഹാരസമരം അവസാനിപ്പിച്ചുകൊണ്ട് ഹസാരെ പറഞ്ഞു. ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കാത്ത സാഹചര്യത്തില്‍ ഇതല്ലാതെ തങ്ങളുടെ മുന്നില്‍ മറ്റുവഴികളില്ലെന്നും ഹസാരെ പറഞ്ഞു.

ചതിയന്‍മാര്‍ക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയ ഹസാരെ, നേരത്തെ പ്രഖ്യാപിച്ച ജയില്‍ നിറയ്ക്കല്‍ സമരത്തെക്കുറിച്ചോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വീടിനു മുന്നിലെ ഉപവാസത്തെക്കുറിച്ചോ ഒന്നും പറഞ്ഞില്ല. എന്നാല്‍ ജയില്‍ നിറയ്ക്കല്‍ സമരവും ഡല്‍ഹിയില്‍ നടത്താനിരുന്ന മൂന്ന് ദിവസത്തെ സമരവും ഉപേക്ഷിക്കുകയാണെന്ന് ഹസാരെ സംഘാംഗം അരവിന്ദ് കോജരിവാള്‍ പിന്നീട് പറഞ്ഞു.

ആരോഗ്യനില മോശമായതും സമരത്തിന് പ്രതീക്ഷിച്ച ജനപിന്തുണ ലഭിക്കാത്തതുമാണ് നിശ്ചയിച്ചതിലും ഒരു ദിവസം മുന്‍പെ സമരം അവസാനിപ്പിക്കാന്‍ ഹസാരെയെ പ്രേരിപ്പിച്ചത്. ഇന്നലെ രാത്രിയോടെ അദ്ദേഹത്തിന്റെ പനി 102 ഡിഗ്രിയിലെത്തിയിരുന്നു. രക്തസമ്മര്‍ദവും ഉയര്‍ന്നു. ഈ നിലയില്‍ നിരാഹാരം തുടര്‍ന്നാല്‍ വൃക്കയുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന് ഇന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കി. ഈ സാഹചര്യത്തിലാണ് ഹസാരെ നിരാഹാരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.