ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊലപാതകം; മൂന്നു പേര്‍ അറസ്റ്റില്‍

single-img
27 December 2011

ലണ്ടന്‍: ബ്രിട്ടനിലെ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യക്കാരനായ വിദ്യാര്‍ഥി പൂനാ സ്വദേശി അനുജ് ബിദ്വേ(23)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്നു പേരും കൗമാരപ്രായക്കാരാണെന്ന് പോലീസ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെയാണ് അനുജ് അക്രമിയുടെ വെടിയേറ്റു മരിച്ചത്. ക്രിസ്മസ് അവധിക്ക് മാഞ്ചസ്റ്ററിലെ സുഹൃത്തുക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അനുജും അയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥികളും. സാല്‍ഫോര്‍ഡിലെ ഓര്‍ഡ്‌സാല്‍ ലെയിനില്‍ കൗമാരപ്രായക്കാരായ രണ്ടുവെള്ളക്കാര്‍ സംഘത്തെ സമീപിച്ചു.

അല്പനേരത്തെ സംഭാഷണത്തിനു ശേഷം അക്രമികളിലൊരാള്‍ കൈത്തോക്ക് എടുത്ത് അനുജിനു നേര്‍ക്കു തുരുതുരാ നിറയൊഴിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കൊലപാതകത്തിനു പ്രേരിപ്പിച്ച കാരണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ചീഫ് സൂപ്രണ്ട് കെവിന്‍മുല്ലിഗന്‍ പറഞ്ഞു. സംഭവം വംശീയാക്രമണമാണോയെന്നും അന്വേഷിക്കുന്നുണ്ട്. അനുജിനോടൊപ്പമുണ്ടായിരുന്ന മറ്റ് എട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തി. പൂനാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്‌സില്‍ ബിരുദമെടുത്ത അനുജ് ഉപരിപഠനത്തിനായി സെപ്റ്റംബറിലാണ് ബ്രിട്ടനിലെത്തിയത്.