ഹസാരേയ്ക്കു കോടതിയുടെ കടുത്ത വിമര്‍ശനം

single-img
23 December 2011

മുംബൈ: ലോക്പാല്‍വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ വീണ്ടും നിരാഹാരസത്യഗ്രഹത്തിനൊരുങ്ങുന്ന അന്നാ ഹസാരെയ് ക്കു മുംബൈ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. സത്യഗ്രഹം നട ത്താന്‍ നിശ്ചയിച്ചിരിക്കുന്ന മുംബൈയിലെ എംഎംആര്‍ഡിഎ ഗ്രൗണ്ട് സൗജന്യമായോ വാടകയിളവുചെയ്‌തോ വിട്ടുതരാന്‍ സംസ്ഥാനസര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു ഹസാരെസംഘം സമര്‍പ്പിച്ച ഹര്‍ജി പരിഗ ണിക്കവേയാണു ജസ്റ്റീസുമാരായ പി.ബി.മജുംദാര്‍, മൃഥുല ഭാട്കര്‍ എന്നിവര്‍ ഹസാരെയെ വിമര്‍ശിച്ചത്.

പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഒരു വിഷയത്തില്‍ എന്തിനാണു പ്രക്ഷോഭത്തിനൊരുങ്ങുന്നതെന്നു ചോദിച്ച കോടതി ഇത നുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. ഗ്രൗണ്ടിനു സബ്‌സിഡി അനുവദിക്കാന്‍ എംഎംആര്‍ഡിഎ അധികൃതരോടു നിര്‍ദേശിക്കാനാവില്ലെന്നും ഹര്‍ജിയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതര്‍ക്കു വിവേചനാധികാരം ഉപയോഗിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടെ പരാതി അംഗീകരിച്ച് ഏതെങ്കിലുമൊരു ഉത്തരവിട്ടാല്‍ അതു പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിലുള്ള കൈകടത്തലായിരിക്കും.

ബില്ലിന്മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നുവരുമ്പോള്‍ ഇതിനെതിരേ സമാന്തര പ്രചാരണം അനുവദിക്കാനാവില്ല. വീട്ടിലിരുന്നു നിങ്ങള്‍ക്ക് ബില്‍ പ്രചരിപ്പിക്കാം. ഇനി യും ബില്‍ പാസായിട്ടില്ല. ഏതു രൂപത്തിലും ഭാവത്തിലുമുള്ളതായിരിക്കും ഈ ബില്ലെന്ന് ഇനിയും ആര്‍ക്കുമറിയില്ല. ഈ ഘട്ടത്തില്‍ പൊതുചര്‍ച്ച അനുവദനീയമാണോ?-കോടതി ചോദിച്ചു.

അന്നാഹസാരെയുടെ സംഘടനയായ ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയുടെ ഉപ സംഘടനയായ, മുംബൈയിലെ ജാഗ്രത് നാഗരിക് മഞ്ചാണു ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഹസാരെ 27മുതല്‍ നടത്താനിരിക്കുന്ന നിരാഹാരസത്യഗ്രഹത്തിനു ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിനടുത്തുള്ള എംഎംആര്‍ഡിഎ ഗ്രൗണ്ട് സൗജന്യമായോ സബ്‌സിഡി നിരക്കിലോ വിട്ടുതരാന്‍ സംസ്ഥാനസര്‍ക്കാരിനു നിര്‍ദേശം നല്കണമെന്നായിരുന്നു ഹര്‍ജി.