വെനീസിലെ വ്യാപാരി; മലയാളസിനിമയുടെ വികൃത മുഖം

single-img
20 December 2011



”വയ്യ… വയ്യാണ്ടായിരിക്കുന്നു. എന്നെയൊന്ന് വെറുതേ വിടൂ” എന്ന രോദനമാണ് വെനീസിലെ വ്യാപാരിയിലൂടെ ഷാഫി മമ്മൂട്ടിയെക്കൊണ്ട് വിളിച്ചുപറയിക്കുന്നത്. പത്തുമുപ്പതു കൊല്ലമായി മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി നിലകൊള്ളുന്ന മമ്മൂട്ടി എന്ന നടന്‍ ഒരിക്കലും ചെയ്യരുതാത്ത ഒരുവേഷമായാണ് വെനീസിലെ വ്യാപാരിയിലെ പവിത്രന്‍ മുതലാളി യെപ്പറ്റി തോന്നുന്നത്. ക്ലാസ്‌മേറ്റ്, ഇവിടം സ്വര്‍ഗ്ഗമാണ് തുടങ്ങിയ ചിത്രങ്ങളുടെ കഥകളൊരുക്കിയ ജയിംസ് ആല്‍ബര്‍ട്ടാണ് ഈ ചിത്രത്തിന്റെ കഥയൊരുക്കിയതെന്ന് അറിയുമ്പോള്‍ നമുക്കത്ഭുതം തോന്നും.

ഒന്നുമില്ല. ഷാഫിയുടെ കുറേ സ്ഥിരം റഡിമെയ്ഡ് നമ്പരുകള്‍ അതിന്റെ ഓര്‍ഡറനുസരിച്ച് പ്രേക്ഷകരെ കാണിക്കുന്നു എന്നല്ലാതെ ചിത്രത്തെപ്പറ്റി കൂടുതലൊന്നും പറയാന്‍ തോന്നുന്നില്ല എന്നതാണ് സത്യം. ജയിംസ് ആല്‍ബര്‍ട്ട് കൂടെയുള്ളതുകൊണ്ട് എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകര്‍ തികച്ചും നിരശരാകുന്നു എന്നതാണ് സത്യം. സ്ഥിരം പറയുന്ന ഫോര്‍മാറ്റില്‍ നിന്നും ആകെയുള്ള വ്യത്യാസം കഥ പത്തിരുപതു കൊല്ലം പിറകിലേക്ക് പോയാണ് പറയുന്നതെന്നുള്ളതു മാത്രമാണ്.

മമ്മൂട്ടി ഈ അടുത്ത കാലത്ത് ഇത്രയും നിര്‍ജ്ജീവമായി ചെയ്ത മറ്റൊരു സിനിമയുണ്ടോ എന്ന കാര്യം സംശയമാണ്. മറ്റു നടന്‍മാരുടെ കാര്യം മഹാ കഷ്ടമെന്നരീതിയില്‍ മാത്രമേ പറയാനാവൂ. ദേശീയ അവാര്‍ഡ് ജേതാവായ സലീംകുമാറും സുരാജും പ്രേക്ഷകരെ വെറുപ്പിക്കുന്നതില്‍ മത്സരിക്കുന്നതിനും ഈ ചിത്രം കാണുന്നവര്‍ സാക്ഷികളാകുന്നു. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് കുറച്ചുകാലമായി ബാധിച്ചിരിക്കുന്ന മന്ദത ഈ ചിത്രത്തിലും പടര്‍ന്നിട്ടുണ്ട്. എല്ലാ മേഖലയിലും.

1980 കളിലെ ഒരു സാധാ പോലീസ് കോണ്‍സ്റ്റബിളായ പവിത്രന്റെ ജീവിതവും, പോലീസില്‍ നിന്നും ഒരു കയര്‍ വ്യാപാരിയായിട്ടുള്ള വളര്‍ച്ചയും ശേഷമുണ്ടാകുന്ന ഉയര്‍ച്ചതാഴ്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം. പോലസ് ഐജി (ജനാര്‍ദ്ദനന്‍) യുടെ മകളുടെ (പൂനം ബജ്‌വ) പ്രേമത്തിന് പാത്രമാകുന്ന പവിത്രന്റെ ശല്യം അവസാനിപ്പിക്കുവാന്‍ ജനാര്‍ദ്ദനന്‍ പ്രമാദമായ അജയന്‍ കൊലക്കേസിന്റെ രഹസ്യ അന്വേഷണം പവിത്രനെ ഏല്‍പ്പിക്കുന്നു. ആലിക്കോയ (ശ്രീരാമന്‍) എന്നയാളിനെയാണ് പോലീസിനു സംശയമെങ്കിലും വേണ്ടത്ര തെളിവില്ലാത്തതിനാല്‍ അയാളെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തിലാണ് പവിത്രന്‍ അന്വേഷണത്തിനായി ഒരു കയര്‍ വ്യാപാരിയുടെ വേഷത്തില്‍ ആ നാട്ടിലെത്തുന്നത്. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയിലെ പ്രതിപാദ്യ വിഷയം.

ഷാഫി ചിത്രങ്ങളിലെ സ്ഥിരം മസാലക്കൂട്ടുകള്‍ ചേര്‍ത്തൊരുക്കിയ ഈ ചിത്രത്തിലെ സംഭാഷണങ്ങള്‍ പ്രേക്ഷകരെ തികച്ചും മടിപ്പിക്കുന്നതാണ്. മലയാളത്തിലെ മികച്ച കോമഡി നടന്‍മാരെല്ലാം ചേര്‍ന്നിട്ടും ഒരിക്കല്‍പോലും മനസ്സറിഞ്ഞ് ചിരിക്കാന്‍ കഴിയുന്നില്ല. തിരക്കഥയ്ക്ക് ഒരു ട്വിസ്‌റ്റോ ഒഴുക്കോ ഇല്ലാതെ എവിടെയൊക്കെയോ തട്ടി തട്ടി സഞ്ചരിക്കുന്ന ഒരു പ്രതീതിയാണ് തരുന്നത്. ഷാഫിയുടെ തന്നെ പഴയ ചിത്രമായ മയാവിയിലെ പല രംഗങ്ങളും ഈ ചിത്രം പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നു.

കാവ്യാമാധവനും പൂനം ബജ്‌വയുമാണ് ചിത്രത്തിലെ നായികമാരെങ്കിലും നായകനായ മമ്മൂട്ടിയുടെ ശരീരഭാഷ അവരോടൊപ്പം ചേരുന്നില്ലായെന്നത് തികച്ചും പരിതാപകരമാണ്. പലസ്ഥലത്തും, അത് കാണുന്നവരുടെ മനസ്സില്‍ കടക്കുന്നതു കൊണ്ടാണോ എന്നറിയില്ല- പ്രായവ്യത്യാസം ഒത്തിരി ഫീല്‍ ചെയ്യുന്നുണ്ട്. അത് പലസ്ഥലത്തും സിനിമയുടെ ആസ്വാദന നിലവാരത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.

സിനിമയുടെ ആകെയുള്ള പ്രതീക്ഷ എന്നുപറയാവുന്നത് ക്യാമറയും കലാ സംവിധാനവുമാണ്. പഴയ കാലഘട്ടം ഫ്രയിമില്‍ കൊണ്ടുവരുവാന്‍ കലാസംവിധായകന് കഴിഞ്ഞുഎന്നത് സിനിമയെ പലസ്ഥലത്തും രക്ഷിച്ചു നിര്‍ത്തുന്നുണ്ട്. അതുപോലെ തന്നെ ക്യാമറ. കുട്ടനാടിന്റെ പ്രകൃതി സൗന്ദര്യത്തെ അതിന്റെ മുഴുവന്‍ ഭംഗിയോടെ വെള്ളിത്തിരയില്‍ എത്തിക്കുവാന്‍ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു പരിധിവരെ ആശ്വാസം തരുന്നു.

ജയിംസ് ആല്‍ബര്‍ട്ടിന്റെ ആദ്യത്തെ സിനിമയൊഴിച്ച് മറ്റുരണ്ടു സിനിമകളും പ്രേക്ഷകരെ ഒരുപരിധിവരെ രസിപ്പിച്ചിട്ടുള്ളവയാണ്. പക്ഷേ ഈ ചിത്രം ഒറ്റനോട്ടത്തില്‍ തന്നെ ഒരുതട്ടിക്കൂട്ട് ചിത്രമെന്ന് തോന്നുന്ന രീതിയലാണ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ളതെന്ന് നിസംശയം പറയുവാന്‍ കഴിയും. പത്മരാജനും ഭരതും ലോഹിതദാസുമൊക്കെ വിടപറഞ്ഞുവെന്നത് മലയാളികള്‍ക്ക് തീരാ നഷ്ടമായിത്തന്നെ നിലനില്‍ക്കുന്നു എന്ന ഓര്‍മ്മയും ഈ ചിത്രം സമ്മാനിക്കുന്നു.

അഭിനയത്തിന്റെ ഭരത് അവാര്‍ഡ് നേടിയ മലയാളത്തിന്റെ രണ്ടു മഹാനടന്‍മാരുണ്ടായിട്ടും ഈ ചിത്രത്തിന്റെ ഗതി ഇങ്ങനെയാണെങ്കില്‍ ഇതൊന്നുമില്ലാത്ത ഒരു മലയാള ചിത്രത്തിന്റെ ഗതി എന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ പോലുമാകുന്നില്ല. സന്തോഷ് പണ്ഡിറ്റിനെയൊക്കെ തെറിപറയുവാനും കളിയാക്കുവാനും കഴിവുപയോഗിക്കുന്നവര്‍ സ്വന്തം ചിത്രം അതിനേക്കാള്‍ പടുകുഴിയിലധഃപതിക്കുന്നത് കാണുന്നില്ല. കാരണം ചോദിച്ചാല്‍ ഞങ്ങള്‍ മലയാളസിനിമയുടെ അച്ഛന്‍മാരാണ്…. ഞങ്ങള്‍ക്ക് എന്തുമാകാമെന്ന മറുപടിയായിരിക്കും ഫലം.

മലയാള സിനിമ രക്ഷപ്പെടില്ല എന്നതിനേക്കാള്‍ കൂടുതല്‍ ചേരുക ‘രക്ഷപ്പെടുത്തില്ല’ എന്നതായിരിക്കും.