കേരളത്തിനെതിരേ സാമ്പത്തിക ഉപരോധം വേണമെന്നു വൈകോ

single-img
18 December 2011

കോയമ്പത്തൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരം ഉറപ്പാക്കാന്‍ കേരളത്തിനെതിരേ തമിഴ്‌നാട് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്ന് എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ. മുല്ലപ്പെരിയാര്‍ ഡാം പുതുക്കിപ്പണിയണമെന്ന കേരളത്തിന്റെ ആവശ്യത്തെ ഇതുവഴി മറികടക്കാനാകുമെന്നു വൈകോ വിശ്വസിക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈകഴുകിയിരിക്കുകയാണ്. കേരളത്തിനു വേണ്ടി നിശബ്ദത പാലിക്കുകയും ചെയ്യുന്നു. പ്രശ്‌നപരിഹാരത്തിനു ഫലപ്രദമായ നിര്‍ദേശം നല്‍കാന്‍ സുപ്രീംകോടതിക്കും കഴിയുന്നില്ലെന്നു വൈകോ ആരോപിച്ചു.

തമിഴ്‌നാട്ടുകാര്‍ക്കെതിരേ കേരളത്തില്‍ വ്യാപകമായ ആക്രമണമാണ് നടക്കുന്നതെന്നും വൈകോ ആരോപിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്കു പോകുന്ന 13 റോഡുകളും ഉപരോധിക്കും. 21 നാണ് പ്രതീകാത്മക ഉപരോധം. നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനില്‍ നിന്നു വൈദ്യുതി കേരളത്തിലേക്കു നല്‍കുന്നതുള്‍പ്പെടെ പിന്നീട് തടയും. മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബലാവസ്ഥയിലാണെന്ന പ്രചാരണം ശരിയല്ല. അതിനാല്‍ ഡീകമ്മിഷനിംഗ് ഉള്‍പ്പെടെയുള്ള വാദങ്ങള്‍ കേരളം ഉപേക്ഷിക്കണം.

തമിഴ്‌നാടിന് അനുകൂലമായി സംസാരിക്കാന്‍ അവസാനം ഒരു കോണ്‍ഗ്രസ് എംപി, അതും കേന്ദ്രമന്ത്രി തയാറായെന്ന് പി.ചിദംബരത്തിന്റെ വിവാദപ്രസ്താവനയെക്കുറിച്ച് വൈകോ പ്രതികരിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് ഡിഎംകെ സര്‍ക്കാര്‍ ഒന്നുംചെയ്തില്ല. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ എഡിഎംകെ സര്‍ക്കാരിന്റെ നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്നും വൈകോ പറയുന്നു.