ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് കിം ജോംഗ് ഇല്‍ അന്തരിച്ചു

single-img
18 December 2011

പ്യോംഗ്യാംഗ്: ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് കിം ജോംഗ് ഇല്‍(69) അന്തരിച്ചു. ശനിയാഴ്ച ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു അന്ത്യം. ദേശീയ ടെലിവിഷനാണ് കിം ജോംഗിന്റെ അന്ത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അമതിമായ ജോലി സമ്മര്‍ദ്ദമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. 2008ല്‍ പക്ഷാഘാതം ബാധിച്ച കിമ്മിനെ പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നു. എങ്കിലും ഊര്‍ജ്വസലനായാണ് കിം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. അടുത്തകാലത്ത് ചൈന, റഷ്യ രാജ്യങ്ങളിലേക്ക് പര്യടനവും നടത്തിയിരുന്നു.

അധികാരം പരമ്പരാഗതമായി കൈമാറുന്ന കമ്മ്യുണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയില്‍ 1994ല്‍ പിതാവ് കിം ഇല്‍ സൂംഗ് അന്തരിച്ചതിനെ തുടര്‍ന്നാണ് കിംഗ് ഇല്‍ അധികാരമേറ്റത്. 2010ല്‍ മൂന്നാമത്തെ പുത്രന്‍ കിം ജോംഗ് ഉന്‍-നെ തന്റെ പിന്‍ഗാമിയായി കിം ജോംഗ് പ്രഖ്യാപിച്ചിരുന്നു.

ഉത്തരകൊറിയയെ ആണവരാഷ്ട്രമാക്കി മാറ്റാനായി കിം നടത്തിയ ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ആശങ്ക പരത്തിയിരുന്നു. 2006ലും 2009ലു ഉത്തര കൊറിയ നടത്തിയ അണു പരീക്ഷണത്തിന് നേതൃത്വം നല്‍കിയത് കിം ജോംഗ് ആയിരുന്നു.