ഉപതെരഞ്ഞെടുപ്പു നടത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നുവെന്നു ജഗന്‍

single-img
6 December 2011

ഹൈദരാബാദ്: കോണ്‍ഗ്രസിലെ 16 എംഎല്‍എമാര്‍ തനിക്കൊപ്പം പരസ്യമായി നിലകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ എംഎല്‍എമാരെ കൂറുമാറ്റനിരോധനനിയമത്തിന്റെ പേരില്‍ അയോഗ്യരാക്കി ഉപതെരഞ്ഞെടുപ്പു നടത്താന്‍ കോ ണ്‍ ഗ്രസിനെ വെല്ലുവിളിക്കുകയാണെന്ന് വൈഎസ്ആര്‍കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി. ഉപതെരഞ്ഞെടുപ്പു നടത്തിയാല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനും പ്രതിപക്ഷമായ തെലുങ്കുദേശംപാര്‍ട്ടിക്കും കെട്ടിവച്ച കാശ് നഷ്ടമാകുമെന്നും ജഗന്‍ അവകാശപ്പെട്ടു.

എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് പല കളികള്‍ കളിച്ചതായും അവിശ്വാസപ്രമേയം പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും തെലുങ്കുദേശംപാര്‍ട്ടിനേതാവ് ചന്ദ്രബാബുനായിഡുവും ഒത്തുകളിച്ചതായും അദ്ദേഹം ആരോപിച്ചു. സിബിഐ അന്വേഷണത്തെ താന്‍ ഭയപ്പെടുന്നില്ല. അന്വേഷണം തുടരട്ടെ, അതിനെ നേരിടാന്‍ താന്‍ തയാറാണ്: ജഗന്‍ കൂട്ടിച്ചേര്‍ത്തു. ആന്ധ്രനിയമസഭയില്‍ കോണ്‍ഗ്രസ്‌സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് ജഗനെ അനുകൂലിക്കുന്ന 16 കോണ്‍ഗ്രസ്എംഎല്‍എമാരും വോട്ടു ചെയ്തിരുന്നു.

പാര്‍ട്ടിയുടെ വിപ്പു ലംഘിച്ചാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജഗനൊപ്പം നിലകൊണ്ടത്. ഏതാനുംമാസംമുമ്പ് 26 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജഗനു പിന്തുണ നല്‍കി അദ്ദേഹം നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്തെങ്കിലും ഈ അംഗബലം 16 ആയി കുറഞ്ഞിരിക്കുന്നത് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നു.