ഞങ്ങളുടെ അമ്മ

single-img
9 November 2011
കോഴിക്കോട് ശാന്താദേവിയെകുറിച്ച്  തിരക്കഥാകൃത്ത് ടി.എ. റസാക്ക്

ശാന്തേടത്തിയുമായുള്ള ബന്ധം തുടങ്ങുന്നത് ഘോഷയാത്ര എന്ന സിനിമ മുതലാണ്. ജി.എസ്.വിജയന്‍ സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ തിരക്കഥയെഴുതിയതു ഞാനായിരുന്നു. തിത്തൈമ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അതു മുതല്‍ എന്റെ മിക്ക സിനിമകളിലും അവരുണ്ടായിരുന്നു. കോഴിക്കോട്ടെ കലാസാഹിത്യ പ്രവര്‍ത്തകര്‍ക്ക് ശാന്തേടത്തിയുടെ മരണം കനത്ത നഷ്ടം തന്നെയാണ്. കഴിഞ്ഞ നാലഞ്ചുമാസമായി വയ്യാത്ത അവസ്ഥയായിരുന്നു അവര്‍ക്ക്. അവരുടെ അസ്വസ്ഥത കണ്ടതിനെ തുടര്‍ന്നാണ് ഞാനും ഡോ.വേണുവും കലക്ടര്‍ പി.ബി.സലീമുമൊക്കെ ചേര്‍ന്ന് കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ കൊണ്ടുപോവുന്നത്. കുറച്ചുനാള്‍ അവിടെ വിദഗ്ധ ചികിത്സയിലായിരുന്നു. പിന്നീട് രോഗാവസ്ഥ കുറഞ്ഞപ്പോഴാണ് ഓള്‍ഡ് ഏജ് ഹോമിലാക്കുന്നത്.

കഴിഞ്ഞ തിരുവോണത്തിന് ഒരുകോടി മുണ്ടു വാങ്ങി സുഹൃത്ത് രമേശിനൊപ്പം ഓള്‍ഡ് ഏജ് ഹോമിലേക്കു പോകുമ്പോഴാണ് കലക്ടറും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. അന്ന് അവരുടെ കൂടെ കുറേ നേരം ചെലവഴിച്ചിട്ടായിരുന്നു മടങ്ങിയത്. ഓള്‍ഡ് ഏജ് ഹോമില്‍ കഴിയുന്ന അവസരത്തില്‍ നല്ലളത്തെ വീട് മോടി പിടിപ്പിക്കണമെന്ന് ഒരാലോചനയുണ്ടായിരുന്നു. വീട് നന്നാക്കിയശേഷം അങ്ങോട്ടേക്കു മാറ്റാമെന്നായിരുന്നു ഞങ്ങളുടെ ആലോചന. ഗിരീഷ് പുത്തഞ്ചേരിക്കു വേണ്ടിയുണ്ടാക്കിയ ഫണ്ടില്‍ നിന്ന് കുറച്ചുഭാഗം ശാന്തേടത്തിക്ക് പുതിയ വീടുവയ്ക്കാനും നീക്കിവച്ചിരുന്നു. ഇതെല്ലാം പ്രാവര്‍ത്തികമാവുന്നതിനു മുമ്പേ തന്നെ ശാന്തേടത്തി പോയി.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായി മഴവില്ലിനറ്റം വരെയുടെ തിരക്കഥയും സംഭാഷണവും എഴുതാനിരിക്കുന്ന സമയത്തും മനസില്‍ ശാന്തേടത്തിയുണ്ടായിരുന്നു. അവശയാണെങ്കിലും പുതിയ സിനിമയില്‍ അവര്‍ക്കൊരു വേഷം വേണമെന്ന് പറഞ്ഞപ്പോള്‍ തിരുമേനിയും അതു സമ്മതിച്ചു. അങ്ങിനെയാണ് ശാന്തേടത്തിക്കു വേണ്ടി ഒരുവേഷം മാറ്റിവച്ചത്. അതു ചെയ്യാനും അവര്‍ക്കു കഴിഞ്ഞില്ല.

കാണുമ്പോള്‍ പഴയകാല കഥകള്‍ പറഞ്ഞുതരികയും പാട്ടുപാടുകയും ചെയ്യുന്ന ശാന്തേടത്തി എനിക്കും അമ്മയായിരുന്നു. ജീവിതത്തില്‍ വേദന മാത്രമായിരുന്നു അവര്‍ക്കു കൂട്ട്. ഒരുപാടു സഹിച്ച അമ്മ കൂടി പടിയിറങ്ങുമ്പോള്‍ ഞങ്ങള്‍ മക്കള്‍ക്ക് വല്ലാത്തൊരു ശൂന്യതയാണ് അനുഭവപ്പെടുന്നത്. കണ്ണൂരിലേക്കു പോകുന്നതിനു മുമ്പേ മൂന്നു ദിവസം മുമ്പായിരുന്നു ശാന്തേടത്തിയെ അവസാനമായി കണ്ടത്. ശരീരത്തില്‍ ചെറിയ ചെറിയ മുറിവുകളുണ്ടായിരുന്നു അപ്പോള്‍. അടക്കിപ്പിടിച്ച വേദനയ്ക്കിടയിലും അവര്‍ക്ക് എന്നോടെന്തോ പറയാനുണ്ടായിരുന്നു. അധികനേരം അവരെയങ്ങിനെ നോക്കിനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല, എനിക്ക്. വാര്‍ഡില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി ഞാനാ മുഖത്തേക്കു നോക്കി. അപ്പോഴും നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു ആ കണ്ണുകള്‍.