ടൈറ്റാനിയം അഴിമതിക്കേസില്‍ നിയമസഭയില്‍ ചര്‍ച്ച തുടങ്ങി

single-img
25 October 2011

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ നിയമസഭയില്‍ ചര്‍ച്ച തുടങ്ങി. രാവിലെ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ മുന്‍ ധനകാര്യമന്ത്രി കൂടിയായ തോമസ് ഐസക് ആണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് സംസാരിച്ചത്. പദ്ധതിക്ക് അനുമതി നല്‍കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് പദ്ധതി യിലെ 12 അപാകതകള്‍ ഉന്നയിച്ച് കത്ത് നല്‍കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ പദ്ധതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ചുവെന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുപ്രീംകോടതിയില്‍ കത്ത് നല്‍കിയതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയില്‍ നിന്ന് മന്ത്രി രാമചന്ദ്രന്‍ മാസ്റ്ററെ ഒഴിവാക്കിയ ദിവസമാണ് മുഖ്യമന്ത്രി കത്തയച്ചതെന്നും തോമസ് ഐസക് പറഞ്ഞു.

പദ്ധതിക്ക് അംഗീകാരം നല്‍കിയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വക്കാന്‍ തോമസ് ഐസക് വെല്ലുവിളിച്ചു. പദ്ധതിയിലെ സാങ്കേതികമായ പോരായ്മ സംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്‌ടെന്നും തോമസ് ഐസക് പറഞ്ഞു.

പാമോയില്‍ കേസില്‍ വഴുതി മാറിയതു പോലെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് അറിഞ്ഞുകൂടെന്ന് പറയാന്‍ കഴിയില്ലെന്നും തോമസ് ഐസക് പറഞ്ഞു. അഴിമതിക്ക് കൂട്ടിനിന്ന മുഖ്യമന്ത്രി രാജിവക്കണമെന്നും പുറത്തുപോകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. ടി.എന്‍ പ്രതാപനാണ് തുടര്‍ന്ന് സംസാരിച്ചത്.