ടൈറ്റാനിയം അഴിമതി:സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും

single-img
24 October 2011

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിലെ പുതിയ രേഖകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. പ്രതിപക്ഷത്ത് നിന്ന് ഡോ. ടി.എം തോമസ് ഐസക്കാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതു സംബന്ധിച്ച് പല പ്രാവശ്യം വിശദീകരണം നല്‍കിയതാണെങ്കിലും പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയെ അറിയിച്ചു.

മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള അഴിമതി ആരോപണം ആയതിനാല്‍ ഇതിന്റെ നിജസ്ഥിതി ജനങ്ങള്‍ അറിയണം. അതിനാല്‍ ചര്‍ച്ച മുഴുവന്‍ തത്സമയം ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 12.30 മുതല്‍ ചര്‍ച്ചയാകാമെന്നും തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള അനുമതി നല്‍കുന്നതായും സ്പീക്കര്‍ അറിയിച്ചു.

തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിന് എതിര്‍പ്പുണേ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനോട് സ്പീക്കര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ഇതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് ലൈവായി ചര്‍ച്ച അനുവദിച്ചിരിക്കുന്നത്.