മാരുതിയിലെ സമരം അവസാനിച്ചൂ

single-img
21 October 2011

ന്യൂഡല്‍ഹി: മാരുതിയിലെ മനേസര്‍ പ്ലാന്റില്‍ 14 ദിവസമായി തുടരുന്ന സമരം തൊഴിലാളികള്‍ പിന്‍വലിച്ചു. ഹരിയാന സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ മാനേജ്‌മെന്റും തൊഴിലാളികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ധാരണയനുസരിച്ച് പിരിച്ചു വിട്ട 64 സ്ഥിര ജീവനക്കാരെ തിരിച്ചെടുക്കാന്‍ കമ്പനി സമ്മതിച്ചു. അതേസമയം, 30 പേര്‍ സസ്‌പെന്‍ഷനില്‍ തുടരും. 1200 കരാര്‍ ജീവനക്കാരെ തിരിച്ചെടുക്കാനും ധാരണയായിട്ടുണ്ട്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട അന്തരീക്ഷമൊരുക്കാനും തൊഴിലാളിക്ഷേമത്തിനും പരാതികള്‍ അറിയാനുമായി രണ്ട് കമ്മറ്റികള്‍ രൂപീകരിക്കാനും ധാരണയിലെത്തിയതായി അറിയുന്നു. ഇതില്‍ മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും ഉണ്ടായിരിക്കും. ജോലി സമയം കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് ഗതാഗത സൗകര്യവും കമ്പനി നല്‍കുമെന്ന് അറിയുന്നു. ഗുര്‍ഗാവ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.സി മീന, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സത്യേന്ദ്ര ദുഹാന്‍, ലേബര്‍ കമ്മീഷണര്‍ സത്വന്തി അഹ്ലാവത്, അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ നിതിന്‍ യാദവ് എന്നിവരുടെ മധ്യസ്ഥതയിലാണ് സമരം ഒത്തുതീര്‍പ്പായത്.