സാംസ്‌കാരിക വിലാപം: ഒരു തുടര്‍ക്കഥ

single-img
15 October 2011

2010 ഒക്‌ടോബര്‍ 21 വ്യാഴം. നിരവധി മുഖങ്ങളെ ഒറ്റനോട്ടത്തിന്റെ കൗതുകത്തില്‍ പരിഗണിച്ചും അവഗണിച്ചും തിരക്കിട്ടുനീങ്ങുന്ന പതിവ് നഗരക്കാഴ്ചയുമായി തമ്പാനൂരിലെ ഒരു വൈകുന്നേരം. ബസ് സ്റ്റാന്റിനു സമീപത്തെ തിയറ്ററിനു മുന്നിലെ റോഡരികില്‍ കിടന്ന മനുഷ്യരൂപത്തിന് ആ ഒറ്റനോട്ടത്തിന്റെ പരിഗണനയും ലഭിച്ചില്ല. ഒടുവില്‍ രാത്രിയോടെ അവശനിലയിലായ ആ മനുഷ്യനെ പോലീസുകാര്‍ ജനറല്‍ഹോസ്പിറ്റലില്‍ എത്തിച്ചു. അവിടെ വച്ചു മരണം. തിരിച്ചറിയാന്‍ ആരുമില്ലാത്തവരുടെ കൂട്ടത്തില്‍ ഒരു അജ്ഞാത ശരീരം കൂടി. പിറ്റേന്ന് ഉച്ചയോടെ ആശുപത്രിയിലെ പുല്ലുചെത്തുകാരനാണ് തിരിച്ചറിഞ്ഞത് മലയാളത്തിന്റെ ആ പ്രിയ കവിയെ. മുന്നില്‍ വന്നുപെടുന്ന പരിചയക്കാരോടും അല്ലാത്തവരോടും കടം വാങ്ങിയും കലഹിച്ചും തെരുവില്‍ കവിതയുടെ ലഹരി നിറച്ച അയ്യപ്പന്‍. വാര്‍ത്ത കാട്ടുതീപോലെ പരന്നു. കേട്ടവരൊക്കെയും കവിയുടെ ആകസ്മിക മരണത്തെക്കുറിച്ച് വാചാലരായി. ജീവിച്ചിരുന്നപ്പോള്‍ ഒരഞ്ചുരൂപാ നല്‍കാത്തവരും ഒരു നല്ലവാക്ക് പറയാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. പിന്നെയും ചില്ലിട്ട കണ്ണാടിപ്പെട്ടിയില്‍ അഞ്ചുദിവസത്തോളം ആ കവിയുടെ മൃതദേഹത്തിന് കാത്തുകിടക്കേണ്ടി വന്നു. ഒക്‌ടോബര്‍ 26 ചൊവ്വാഴ്ച വൈകിട്ടോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം.

സാംസ്‌കാരിക മന്ത്രിയുടെ സൗകര്യാര്‍ത്ഥം സംസ്‌കാരം നീട്ടിയതിനെതിരെ ശബ്ദിക്കാന്‍ മുന്‍നിര സാംസ്‌കാരിക നായകരോ ആസ്ഥാന കവികളോ ഉണ്ടായില്ല. അതിനും വേണ്ടിവന്നു ജ്ഞാനപീഠത്തിലിരിക്കാത്ത, മരം വീഴുമ്പോള്‍ മാത്രം വേദനിക്കാത്ത കുറച്ചുപേര്‍. കുരീപ്പുഴ ശ്രീകുമാര്‍, റോസ്‌മേരി, മധുമാസ്റ്റര്‍, സെബാസ്റ്റിയന്‍,ശാന്തന്‍, അമ്പലപ്പുഴ ശ്രീകുമാര്‍…അങ്ങനെ തുടങ്ങി പേരുപറഞ്ഞാല്‍ തിരിച്ചറിയുന്ന സാംസ്‌കാരിക ജാഡകളില്ലാത്തവര്‍. അവര്‍ മന്ത്രിക്കെതിരെ പ്രതിഷേധ സ്വരം കൂട്ടി. അവര്‍ അയ്യപ്പനുവേണ്ടി കവിതയെഴുതി, ചിലര്‍ കലഹിച്ചു.

അതെ. വരുന്നത് ഒരു കവിയുടെ ആണ്ടറുതിയാണ്. ഒക്‌ടോബര്‍ 21. അന്ന് വിലപിക്കാന്‍ കുമാരിയും കുറുപ്പും ഉള്‍പ്പെടെ നിരവധിപേരെത്തും. ജീവിച്ചിരുന്നപ്പോള്‍ ഒരിറ്റുകണ്ണീരൊഴുക്കാത്തവരും അക്കൂട്ടത്തിലുണ്ടാകും. അയ്യപ്പന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത അവസാന കവിതയില്‍ പറയും പോലെ അവരെത്തും.

’’ വേടന്റെ കൂര കഴിഞ്ഞു
റാന്തല്‍ വിളക്കിനു ചുറ്റും
എന്റെ രുചിയോര്‍ത്ത് –
അഞ്ചെട്ടുപേര്‍ കൊതിയോടെ…’’