ഈജിപ്ഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ രാജി സൈന്യം തള്ളി

single-img
11 October 2011

കയ്‌റോ: ഈജിപ്തിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ഹാസം എല്‍ ബബ്ലാവിയുടെ രാജി സൈനിക കൗണ്‍സില്‍ തള്ളി. സൈനിക ഭരണാധികാരി ഫീല്‍ഡ് മാര്‍ഷല്‍ മുഹമ്മദ് ഹുസൈന്‍ ടന്‍ടാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം കോപ്ടിക് ക്രൈസ്തവരുടെ പ്രതിഷേധ പ്രകടനം കൈകാര്യം ചെയ്ത സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബബ്ലാവി രാജി പ്രഖ്യാപിച്ചത്.

രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിനായി സൗദി അറേബ്യയും അമേരിക്കയുമായി സാമ്പത്തിക സഹായം തേടിക്കൊണ്ടുള്ള ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുന്നത് ബബ്ലാവിയാണ്. ഈജിപ്തിന്റെ അസ്ഥിരമായ ഈ അവസ്ഥയില്‍ എന്തിന്റെ പേരിലാണെങ്കിലും ബബ്ലാവിയുടെ രാജി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ടന്‍ടാവി അറിയിച്ചു.

ഞായറാഴ്ച കോപ്ടിക് ക്രൈസ്തവരും സുരക്ഷാസൈനികരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ ഉള്‍പ്പെടെ 26 പേര്‍ മരിക്കുകയും 200ല്‍ അധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അസ്വാനിലെ ക്രൈസ്തവ ദേവാലയം തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയതില്‍ പ്രതിഷേധിച്ച് കയ്‌റോയില്‍ സ്റ്റേറ്റ് ടിവി ഓഫീസിലേക്കു പ്രകടനം നടത്തിയവരും സുരക്ഷാഭടന്മാരും തമ്മിലാണ് ഏറ്റുമുട്ടിയത്.