സിപിഎം – ലീഗ് സംഘര്‍ഷം; കാഞ്ഞങ്ങാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു

single-img
11 October 2011

കാസര്‍ഗോഡ്: സിപിഎം – ലീഗ് സംഘര്‍ഷത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് മേഖലയില്‍ ഇപ്പോഴും അക്രമം തുടരുകയാണ്. കാഞ്ഞങ്ങാട് പടിഞ്ഞാറെക്കരയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ഒരു സംഘം തകര്‍ത്തു. രണ്ടു കുട്ടികള്‍ക്കു പരിക്കേറ്റു. അക്രമത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭയിലും അജാനൂര്‍ പഞ്ചായത്തിലും ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇന്നു രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

കാഞ്ഞപടിഞ്ഞാറെക്കരയിലെ കാര്‍ത്ത്യായനി, നാരായണന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ഇന്നലെ രാത്രി അക്രമമുണ്ടായത്. വീടുകളിലെ ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും ഗൃഹോപകരണങ്ങളും തകര്‍ത്തു. നാരായണന്റെ രണ്ടുകുട്ടികള്‍ക്കു അക്രമത്തില്‍ പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോണം രാവിലെ ദേളി സഅദിയ കോളജിന്റെ ബസ് വെള്ളിേേക്കാത്ത് വച്ച് ഒരു സംഘം അടിച്ചു തകര്‍ത്തു. മഡിയനില്‍ മുസ്്‌ലിംലീഗ് പ്രവര്‍ത്തകരായ റൗഫ്, മുനീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഫോണ്‍ കട ഒരു സംഘം അടിച്ചു തകര്‍ത്തു.

അതേസമയം, സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കാഞ്ഞങ്ങാട് നഗരത്തില്‍ സംഘടിച്ചു നിന്ന ഇരു വിഭാഗമാളുകള്‍ പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. അക്രമം വ്യാപകമായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടും സമീപ പ്രദേശങ്ങളിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേ സമയം കാഞ്ഞങ്ങാട് നഗരത്തില്‍ കടകള്‍ക്കു നേരെയുള്ള അക്രമം ഇന്ന് രാവിലെയും തുടരുകയാണ്. കടകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടാന്‍ ഇന്നു രാവിലെ വ്യാപാരികളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.