മുംബൈ ചാമ്പ്യന്‍‌മാരായി

single-img
10 October 2011

മുംബൈ ഇന്ത്യന്‍സിന് ചാമ്പ്യന്‍സ് ട്വന്റി 20 ക്രിക്കറ്റ് കിരീടം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 31 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ജേതാക്കളായത്.ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 139 റണ്‍സിന് പുറത്തായി. എന്നാല്‍, മുംബൈ ബൗളര്‍മാര്‍ ബാംഗ്ളൂരിന്‍െറ പുകള്‍പെറ്റ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയപ്പോള്‍ 19.2 ഓവറില്‍ 108 റണ്‍സിന് എല്ലാവരും കൂടാരം കയറി. മുംബൈക്ക് വേണ്ടി ഹര്‍ഭജന്‍ മൂന്നും ലസിത് മലിംഗ, അബു നസീം അഹ്മദ്, യുവേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ടു വീതവും വിക്കറ്റെടുത്തു. . കുറഞ്ഞ സ്‌കോറിനു പുറത്തായെങ്കിലും പതറാതെ പന്തെറിഞ്ഞ ബൗളര്‍മാരാണ്‌ മുംബൈക്കു ജയം സമ്മാനിച്ചത്‌. നായകന്‍ ഹര്‍ഭജന്‍ സിംഗ്‌ നാലോവറില്‍ 20 റണ്‍സ്‌ വഴങ്ങി മൂന്നു വിക്കറ്റെടുത്തു. റോയല്‍ ചലഞ്ചേഴ്‌സ് ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷന്‍ (20 പന്തില്‍ 27) മാത്രമാണ്‌ മുംബൈക്കു മുന്നില്‍ പിടിച്ചു നിന്നത്‌. ഓപ്പണര്‍മാരായ ക്രിസ്‌ ഗെയ്‌ലും (5) ദില്‍ഷനും ബാംഗ്ലൂര്‍ ടീമിനു മികച്ച തുടക്കം നല്‍കി. ദില്‍ഷനെ ലങ്കന്‍ സഹതാരം ലസിത്‌ മലിംഗ്‌ ബൗള്‍ഡാക്കിയതോടെയാണു മത്സരത്തിന്റെ ഗതിമാറിയത്‌. 12 പന്തുകളില്‍ അഞ്ചു റണ്‍സെടുത്തുനിന്ന ഗെയ്‌ലിനെ ഹര്‍ഭജന്‍ സിംഗ്‌ വിക്കറ്റിനു മുന്നില്‍ കുടുക്കി. ഇതാദ്യമാണ് രണ്ട് ഇന്ത്യന്‍ ടീമുകള്‍ ട്വന്റി 20 ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ മാറ്റുരയ്ക്കാന്‍ അര്‍ഹത നേടിയത്.