ഗസല്‍ ഗായകന്‍ ജഗ്ജിത് സിംഗ് അന്തരിച്ചു

single-img
10 October 2011

ന്യൂഡല്‍ഹി: വിഖ്യാത ഗസല്‍ ഗായകന്‍ ജഗ്ജിത് സിംഗ്(70) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് രാവിലെ എട്ടുമണിയോടെ മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 23 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗസല്‍ ഗായകന്‍ എന്നതിനൊപ്പം സംഗീതജ്ഞനെന്ന നിലയിലും അഞ്ച് ദശാബ്ദം നീണ്ട സംഗീത സപര്യയ്ക്കാണ് ജഗ്ജിത് സിംഗിന്റെ നിര്യാണത്തിലൂടെ വിരാമമാകുന്നത്. ഇന്ത്യന്‍ സംഗീത ലോകത്ത് ‘ഗസല്‍ കിംഗ്’ എന്ന പേരിലായിരുന്നു ജഗ്ജിത് സിംഗ് അറിയപ്പെട്ടിരുന്നത്. പത്‌നി ചിത്രാ സിംഗുമൊത്ത് അദ്ദേഹം ഒരുക്കിയ ഗാനങ്ങള്‍ 1970, 80 കാലഘട്ടത്തില്‍ ഇന്ത്യന്‍ സംഗീതത്തെ മാറ്റിമറിച്ചു.

1976 ലാണ് ജഗ്ജിത്് സിംഗ് ഗസലിന്റെ ലോകത്ത് എത്തുന്നത്. ‘ദ് അണ്‍ഫൊര്‍ഗെറ്റബിള്‍സ് എന്ന ഒറ്റ ആല്‍ബം കൊണ്ട് ജഗ്ജിത് സിംഗ് ജനശ്രദ്ധ പിടിച്ചുപറ്റി. ഇതിനുശേഷം ജഗ്ജിത്തിന്റേതായി അനേകം ഹിറ്റ് ഗസല്‍ ആല്‍ബങ്ങള്‍ പുറത്തിറങ്ങിയെങ്കിലും മനസ്സിനെ ഏറെ സ്പര്‍ശിക്കുന്ന തരത്തിലുള്ള ഗസലുകള്‍ പുറത്തിറങ്ങിയത് 80 കള്‍ക്കു ശേഷമായിരുന്നു.

പ്രേംഗീത്, അര്‍ഥ്, സാഥ് സാഥ് തുടങ്ങിയ സിനിമകളിലെ സംഗീതത്തിലൂടെയും അദ്ദേഹം ആസ്വാദകരെ വിസ്മയിപ്പിച്ചു. 80 ലധികം ആല്‍ബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. പഞ്ചാബി, ഹിന്ദി, ഉര്‍ദു, ബംഗാളി, ഗുജറാത്തി, സിന്ധി, നേപ്പാളി ഭാഷകളിലായി ജഗ്ജിത് സിംഗ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2003ല്‍ അദ്ദേഹത്തെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.