പദ്മനാഭ സ്വാമിക്ഷേത്രം; ചരിത്ര വസ്തുതകളിലൂടെ

single-img
4 October 2011

ശ്രീപത്മനാഭസ്വാമിക്ഷേത്രം എന്ന്, ആരാല്‍ സ്ഥാപിക്കപ്പെട്ടു എന്ന് അറിയുന്നതിന് വിശ്വാസയോഗ്യമായ രേഖകള്‍ ഇതേവരെ കണ്ടുകിട്ടിയിട്ടില്ല എങ്കിലും സുപ്രസിദ്ധ ഗ്രന്ഥകാരനും ചരിത്രകാരനുമായ ഡോക്ടര്‍ എല്‍.എ രവിവര്‍മ്മയുടെ അഭിപ്രായത്തില്‍ ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത് കലിയുഗം ഒന്നാം ദിവസമെന്നാണ്- അതായത് അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്. ഐതിഹ്യം കൊണ്ടും ഈ ക്ഷേത്രം വളരെ പുരാതനമാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെപറ്റി രണ്ട് ഐതിഹ്യങ്ങള്‍ പ്രധാനമായി പറയപ്പെടുന്നുണ്ട്. അതില്‍ ഒന്ന് ക്ഷേത്രം വക ഗ്രന്ഥവരിയില്‍ കാണപ്പെടുന്നതും അനന്തശയന മാഹാത്മ്യം എന്ന ഗ്രന്ഥത്തില്‍ വിസ്തരിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. ഈ ഐതിഹ്യപ്രകാരം ഈ ക്ഷേത്രം കലിവര്‍ഷം തുടങ്ങി 950-ാമത്തെ ദിവാകരമുനി എന്ന ഒരു തുളു സന്യാസിയാല്‍ സ്ഥാപിതമായി എന്ന് കാണുന്നു. അനന്തശയനമാഹാത്മ്യത്തിലെ കഥയുടെ സാരം ഇപ്രകാരമാകുന്നു:

ദിവാകരമുനി ആതര്‍ത്ത ദേശത്ത് തപസ്സു ചെയ്തു കൊണ്ടിരിക്കുമ്പോള്‍ വിഷ്ണു ഭഗവാന്‍ രണ്ടു വയസ്സ് പ്രായമുള്ള ഒരു കോമളബാലന്റെ രൂപത്തില്‍ അദ്ദേഹത്തിന് പ്രത്യക്ഷമായി ആ കുട്ടിയില്‍ സന്യാസിക്ക് അതിയായ വാത്സല്യം ജനിച്ചതിന്റെ ഫലമായി സന്യാസി കുട്ടിയെ തന്നോടുകൂടി താമസിക്കുവാന്‍ നിര്‍ബ്ധിക്കുകയും തന്നെ അപമാനിച്ചാല്‍ പിന്നെ താന്‍ ഒരു നിമിഷം പോലും അവിടെ താമസിക്കുന്നതല്ലാ എന്നുള്ള വ്യവസ്ഥയിന്മേല്‍ കുട്ടി അപ്രകാരം ചെയ്തുകൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്തു. കുട്ടിയുടെ ബാലചാപല്യങ്ങളെ സ്‌നേഹപൂര്‍വ്വം സഹിച്ചും കുട്ടിയെ ഹാര്‍ദ്ദമായി ലാളിച്ചും സന്യാസി പൂജ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കുട്ടി സാളഗ്രാമം എടുത്ത് കടിക്കയും കുട്ടിയെ ശകാരിക്കുകയും ചെയ്തു. പൂര്‍വ്വ പ്രതിജ്ഞയനുസരിച്ച് കുട്ടി തല്‍ക്ഷണം ഓടിക്കളഞ്ഞു. എന്നാല്‍ ഓടുന്നസമയം തന്നെ കാണണമെങ്കില്‍ അനന്തന്‍കാട്ടില്‍ വരണമെന്ന് കുട്ടി പറഞ്ഞു അപ്പോഴാണ് സന്യാസിക്ക് സംഗതിയുടെ പരമാര്‍ത്ഥം വെളിവായത്. അവന്റെ വിരഹത്തില്‍ ദുസ്സഹമായ ഹൃദയവേദനയോടുകൂടി കുട്ടി ഓടിക്കളഞ്ഞ ദിക്കിനെ ലാക്കാക്കി സന്യാസി ഊണും ഉറക്കവും ഉപേക്ഷിച്ച് പിന്‍തുടര്‍ന്നു. ഒടുവില്‍ സമുദ്രതീരത്തുള്ള ഒരു വനാന്തരത്തിലെ ഒരു വലിയ ഇലിപ്പ വൃക്ഷത്തിന്റെ ഉള്ളില്‍ കുട്ടി മറയുകയും ആ വൃക്ഷം ഉടന്‍തന്നെ നിലംപതിക്കുകയും ചെയ്തു. ആ വൃക്ഷം വിഷ്ണു രൂപമായി സന്യാസിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ആ രൂപത്തിന്റെ തല തിരുവല്ലത്തും, പാദം തൃപ്പാപ്പൂരും വരെ നീണ്ടുകിടന്നു. തനിക്ക് ഒന്നായി കാണത്തക്കവണ്ണം ഭഗവദ്രൂപത്തെ ചുരുക്കണമെന്നുള്ള സന്യാസിയുടെ പ്രാര്‍ത്ഥന അനുസരിച്ച് ഭഗവാന്‍ തന്റെ രൂപത്തെ സന്യാസിയുടെ യോഗദണ്ഡിന് മൂന്നിരട്ടി വലിപ്പത്തില്‍ സം്രഗഹിച്ചു. അതിനുശേഷം സന്യാസിഭഗവാനെ പൂജിക്കുകയും ഭഗവാന്‍ പ്രസാദിച്ച് സന്യാസിയുടെ നാട്ടുകാരായ തുളിബ്രാഹ്മണര്‍ തന്നെ എന്നും പൂജിക്കണമെന്ന് കല്പിക്കുകയും ചെയ്തു. ഇതാണ് അനന്തശയനമാഹാത്മ്യത്തിലെ കഥാസാരം.

മറ്റൊരു ഐതിഹ്യം വില്വമംഗലത്ത് സ്വാമിയാരെ സംബന്ധിച്ചുള്ളതാണ്. വില്വമംഗലം സ്വാമിയാര്‍ ഒരു നമ്പൂതിരി സന്യാസിയായിരുന്നു. ഈ കഥയ്ക്ക് ദിവാകര മുനിയുടെ കഥയുമായി വളരെ സാമ്യംകാണുന്നുണ്ട്. വില്വമംഗലം സ്വാമിയാര്‍ ഭഗവാനെ അനന്തശായിയായി കണ്ടയുടനെ നിവേദിക്കാന്‍ വേറെ യാതൊന്നും ഇല്ലാതിരുന്നതുകൊണ്ട് അടുത്തു നിന്നിരുന്ന ഒരു മാവില്‍ നിന്നും കുറച്ചു മാങ്ങാ പറിച്ച് അവിടെ കിടന്ന ഒരു ചിരട്ടയില്‍ വച്ചു നിവേദിച്ചു. ഇപ്പോഴും പത്മനാഭന് സ്വര്‍ണ്ണം കെട്ടിയ ഒരു ചിരട്ട പൂജയില്‍ ഉപയോഗിച്ചുവരുന്ന സംഗതിയും, പതിവായി മാങ്ങാനിവേദ്യം നിര്‍ബന്ധമായി ഏര്‍പ്പെട്ടിരിക്കുന്നതും ഒരു നമ്പൂതിരി സന്യാസി ഭരതയോഗത്തില്‍ പ്രധാനിയാക്കിയിരിക്കുന്നു. എന്നാല്‍ ദിവാകരമുനിയെ സംബന്ധിച്ചുള്ള ഐതിഹ്യം തുളു പോറ്റിമാര്‍ക്ക് ഇവിടെ ശാന്തിക്ക് പ്രാധാന്യം വന്ന കാര്യത്തിന് സമാധാനമായിട്ട് മാത്രമേ പ്രയോജകീഭവിക്കുന്നുള്ളു. ദിവാകരമുനി സ്ഥാപിച്ച ക്ഷേത്രമായിരുന്നാല്‍ അദ്ദേഹത്തിന്റെ ദേശക്കാരായ തുളുപോറ്റിമാര്‍ക്ക് ശാന്തിക്കുള്ള അവകാശം മാത്രമല്ല ഭരണാധികാരം കൂടി ഉണ്ടായിരിക്കേണ്ടതാണ്. എന്നാല്‍ ഭരണാധികാരം മാത്രമല്ല തന്ത്രവും കൂടി മലയാള ദേശക്കാര്‍ക്ക് ഉളളതായിട്ടാണ് കാണുന്നത്. തൊട്ടിരിക്കുന്ന പത്തനാപുരം കൃഷ്ണസ്വാമി ക്ഷേത്രം നില്‍ക്കുന്നത് വില്വമംഗലം സ്വാമിയാരുടെ സമാധി സ്ഥലത്താണെന്ന് പറയപ്പെടുന്നു.

ക്ഷേത്രവളപ്പില്‍ ഉള്ള തിരുവാമ്പാടി കൃഷ്ണസ്വാമി ക്ഷേത്രം പത്മനാഭസ്വാമി ക്ഷേത്രത്തേക്കാള്‍ പുരാതനമാണെന്ന് പുരാണ ചരിത്രാന്വേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ അനന്തശയന മാഹാത്മ്യത്തില്‍ ഈ ക്ഷേത്രത്തെപ്പറ്റി യാതൊന്നും പ്രസ്താവിച്ചു കാണാത്തത് അത്ഭുതമായിരിക്കുന്നു. നരസിംഹസ്വാമി, ശാസ്താവ് എന്നീ ദേവന്മാരെ പിന്നീട് ഓരോ കാലത്തായി പ്രതിഷ്ഠിച്ചിട്ടുള്ളതായിട്ടാണ് ഐതിഹ്യം.

ഭാഗവതം ദശമസ്‌കന്ധം 79ാം അദ്ധ്യായത്തില്‍ ബലരാമന്റെ തീര്‍ത്ഥയാത്രയില്‍ അദ്ദേഹം സ്യാനന്ദപുരം സന്ദര്‍ശിച്ചതായി ഒരു ശ്ലോകം കാണുന്നുണ്ട്. എന്നാല്‍ ഇത് എല്ലാ ഭാഗവത ഗ്രാമങ്ങളിലും കാണാത്തു കൊണ്ട് പ്രക്ഷീപ്തമാണെന്ന് ഒരു അഭിപ്രായമുണ്ട്. ഇതുപോലെ ബ്രഹ്മാണ്ഡപുരാണത്തിലും സ്യാനന്ദപുരത്തെപ്പറ്റി പ്രസ്താവനയുള്ളതായി കാണുന്നു.

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കുടുംബക്ഷേത്രമായാണ് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തെ കണ്ടുവരുന്നത്. തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്മനാഭന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് ശ്രീപദ്മനാഭദാസനായിട്ടാണ് രാജാവ് രാജ്യഭരണം നിര്‍വ്വഹിച്ച് പോന്നിരുന്നത്. രാജാവ് എല്ലാദിവസവും ശ്രീപദ്മനാഭനെകണ്ട് വണങ്ങുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട ഒരു ആചാരമാണ്. പ്രസ്തുത ആചാരം ഇന്നും നിലനിന്ന് പോരുന്നു. രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന പുരുഷ പ്രജയാണ് ഇപ്രകാരം ക്ഷേത്രഭരണം നിര്‍വ്വഹിക്കുന്നതും ആചാരം പാലിച്ചു പോരുന്നതും.