കാരുണ്യത്തിന്റെ അമൃതപുരിയില്‍ ഇന്നു പിറന്നാള്‍ ആഘോഷം

single-img
27 September 2011

കരുനാഗപ്പള്ളി:  വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ട് മാതാ അമൃതാനന്ദമയിയുടെ 58-ാം പിറന്നാള്‍ ആഘോഷം ഇന്ന്  കൊല്ലം അമൃതപുരിയില്‍ നടക്കും.  അമൃതപുരിയും വിദേശരാജ്യങ്ങളിലുള്ള അമ്മയുടെ മഠങ്ങളും ആനന്ദലഹരിയിലാണ്. അമ്മയുടെ ജന്മംകൊണ്ടും സാന്നിദ്ധ്യംകൊണ്ടും പരിപാവനമായ അമൃതപുരിയിലാണ് ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. ഇന്ന് പുലര്‍ച്ചെ 5ന് അമൃതപുരിയിലെ കളരിയില്‍ സന്യാസിശ്രേഷ്ഠന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന മഹാഗണപതിഹോമത്തോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിക്കും.വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തില്‍ ഒട്ടേറെ പരിപാടികളോടെയും പദ്ധതി പ്രഖ്യാപനങ്ങളോടെയുമാണ് ആഘോഷം നടക്കുന്നത്.

അമൃതനിധി പെന്‍ഷന്‍ പദ്ധതി വിതരണം, 25000 സ്ത്രീകള്‍ക്കു വസ്ത്രദാനം, നിര്‍ധന യുവതികളുടെ സമൂഹവിവാഹം എന്നിവയും നടക്കും.   ഈ വര്‍ഷത്തെ ‘ അമൃതകീര്‍ത്തി’ പുരസ്കാരം മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാറിന് സമ്മാനിക്കും.    തുടര്‍ന്ന്‌, മാതാ അമൃതാനന്ദമയി മഠം വൈസ്‌ ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗം. അമൃതവിശ്വവിദ്യാ പീഠത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തിന്റെ അകമ്പടിയോടെ ഒമ്പതിനു മാതാ അമൃതാനന്ദമയി വേദിയിലെത്തും. പാദപൂജയ്‌ക്കു സന്യാസിശ്രേഷ്‌ഠര്‍ നേതൃത്വം നല്‍കും. അമൃതാനന്ദമയിയുടെ അനുഗ്രഹപ്രഭാഷണമായിരിക്കും പിന്നീട്‌.