പാക്കിസ്ഥാനില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ 28 വിദ്യര്‍ഥികള്‍ മരിച്ചു

single-img
26 September 2011

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സ്‌കൂള്‍ ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് 28 വിദ്യാര്‍ഥികള്‍ മരിച്ചു. 76 പേര്‍ക്കു പരിക്കേറ്റു. ഫൈസലാബാദിലെ മില്ലാദ് പബ്‌ളിക് ഗ്രാമര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ലാഹോറില്‍ നിന്നു 200 കിലോമീറ്റര്‍ അകലെ കലാര്‍ കഹാറിലേയ്ക്കു വിനോദയാത്ര പോയ ശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഛക്‌വാല്‍ നഗരത്തിനു സമീപമാണ് സംഭവം. ഒരു വളവു തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മലയിടുക്കിലേയ്ക്കു മറിയുകയായിരുന്നുവെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. അതേസമയം, ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ മാലിക് ഇസാന്‍ വ്യക്തമാക്കി. എന്നാല്‍ വെളിച്ചക്കുറവും ഓവര്‍ലോഡുമാണ് അപകടത്തിനു വഴിവച്ചതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 72 പേരെ കയറ്റാവുന്ന ബസില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 110 പേരാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 20 വിദ്യാര്‍ഥികളെ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.