മദ്യം കഴിച്ച് കൊല്ലം ജില്ലയില്‍ മൂന്നുമരണം

single-img
26 September 2011

ശാസ്‌താംകോട്ട : അമിതമദ്യപാനത്തെതുടര്‍ന്നു കൊല്ലം ജില്ലയില്‍ മൂന്നുപേര്‍ മരിച്ചു. മൈനാഗപ്പള്ളി കടപ്പ, കാട്ടുവിള വടക്കതില്‍ ഷാജി(47), ശാസ്‌താംകോട്ട ആഞ്ഞിലിമൂട്‌ പള്ളിച്ചരുവില്‍ പൗലോസ്‌(50), കിളികൊല്ലൂര്‍ മങ്ങാട്‌ അറുനൂറ്റിമംഗലം വിളയില്‍വീട്ടില്‍ അബ്‌ദുല്‍സമദിന്റെ മകന്‍ ഷെഫീക്ക്‌(40) എന്നിവരാണു മരിച്ചത്.മൈനാഗപ്പള്ളി കടപ്പയിലും ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിലും കരിക്കോടിനടുത്തു മൂന്നാംകുറ്റിയിലുമാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഷാജി മൈനാഗപ്പള്ളി തോട്ടുംമുഖത്തുള്ള വ്യാജമദ്യ വില്‍പന കേന്ദ്രത്തില്‍ നിന്നു മദ്യം വാങ്ങിക്കൊണ്ടുവന്നു കഴിച്ചതാണെന്നാണു സൂചന. നിരന്തരം പരാതി ഉയര്‍ന്നിട്ടുള്ള മദ്യവില്‍പന കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. പൌലോസും ഷെഫീക്കും എവിടെ നിന്നാണു മദ്യം കഴിച്ചതെന്നു സ്ഥിരീകരിച്ചിട്ടില്ല.  വിഷ മദ്യം കഴിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നുണ്ട്. എന്നാല്‍ പോലീസിന്റെ ഭാഗത്ത്് നിന്ന് ഇക്കാര്യത്തെകുറിച്ച് ഇത് വരെ സ്ഥിരീകരണമുണ്ടായിട്ടില്ല. നാളെ പോസ്റ്റ് മോര്‍ട്ടം റി്‌പ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാവൂ എന്നാണ് പോലീസ് അറിയിച്ചത്.