തമ്പാനൂരില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

single-img
21 September 2011

തിരുവനന്തപുരം: തമ്പാനൂരില്‍ ആര്‍എംഎസ് ഓഫീസിന് സമീപമുള്ള ശ്രീതമ്പുരാന്‍ കാവ് സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

പാപ്പനംകോട് ഡിപ്പോയിലേതാണ് ബസ്. കിഴക്കേക്കോട്ട ഭാഗത്തു നിന്നും കരമന, തച്ചോട്ടുകാവ് ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിനുള്ളിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. സമീപത്തെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്നവര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം.

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ ബസില്‍ നിന്ന് പുറത്തെടുത്തത്. അപകടത്തെക്കുറിച്ച് കെഎസ്ആര്‍ടിസി അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.