പരാതി നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരം

single-img
12 September 2011

കൊച്ചി: തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കിയത് പൗരനെന്ന നിലയിലാണെന്നും പി.സി.ജോര്‍ജ്. ഈ പരാതിയുമായി മുന്നോട്ടുപോകുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

നല്‍കിയ പരാതിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കാമെന്നും അതില്‍ കോടതിയെ അവഹേളിക്കുന്ന എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഉണ്‌ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാമെന്നും ജോര്‍ജ് പറഞ്ഞു. കോടതിയോട് തനിക്ക് ആദരവും ബഹുമാനവുമാണുള്ളതെന്നും അദ്ദേഹം അറിയിച്ചു.

താന്‍ നല്‍കിയ പരാതി വായിച്ചു നോക്കിയിട്ടുവേണം അച്യുതാനന്ദന്‍ കാരണവരും പിണറായി മുതലാളിയും അഭിപ്രായം പറയാന്‍. പരാതി നല്‍കുമ്പോള്‍ പരാതിക്കാരന്‍ ആരാണെന്ന് പരാതിയില്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം ഉള്ളതിനാലാണ് ഒദ്യോഗിക ലെറ്റര്‍ പാഡില്‍ തന്നെ പരാതി നല്‍കിയത്. കോടതിയലക്ഷ്യത്തിന് തനിക്കിതുവരെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.

പരാതി നല്‍കുവാന്‍ താന്‍ ഒരു രാഷ്ട്രീയക്കാരനോടുമാലോചിച്ചില്ലെന്നും റിട്ടയേര്‍ഡ് ജഡ്ജിമാരോടും വി.എസിന് ഉപദേശം നല്‍കുന്ന വിവരമുള്ള അഭിഭാഷകരോടും അടക്കം ഉപദേശം ചോദിച്ചാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇംഗ്ലീഷില്‍ നല്‍കിയ പരാതി വി.എസിന് വായിച്ച് മനസ്സിലാക്കാനാവാത്തത് പള്ളികൂടത്തില്‍ പോവാത്തതുകൊണ്ടായിരിക്കും. വി.എസ് പറയുമ്പോള്‍ രാജിവെയ്ക്കാന്‍ താന്‍ അദ്ദേഹത്തിന്റെ ഔദാര്യംകൊണ്ട് ജീവിക്കുന്ന ആളല്ല. റൗഫ് പറഞ്ഞതുമുഴുവന്‍ ശരിയാണെന്ന് പറഞ്ഞ വി.എസ സന്തോഷ് മാധവനെ എന്തുകൊണ്ട് അവിശ്വസിക്കുന്നു എന്ന് ജോര്‍ജ് ചോദിച്ചു. വിവരമില്ലാത്ത വി.എസ്.തന്നെ പഠിപ്പിക്കാന്‍ വരേണ്‌ടെന്നും എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശുദ്ധനും മനുഷ്യസ്‌നേഹിയുമാണെന്നും പി.സി.ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.