ദില്ലി ഹൈക്കോടതിക്ക് സമീപം സ്‌ഫോടനം; 9 മരണം

single-img
6 September 2011

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിക്ക് സമീപം സ്‌ഫോടനം. രാവിലെ 10.17ന് ഡല്‍ഹി ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപമുള്ള പാര്‍ക്കിംഗ് മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്.  സ്‌ഫോടനത്തില്‍ 11 പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം. സ്‌ഫോടനത്തിനുപയോഗിച്ചിരിക്കുന്നത് അമോണിയം നൈട്രേറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.പരിക്കേറ്റവരെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യുഗ്ര ശബ്ദത്തിലുള്ള സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്‍.ഐ.എയും എന്‍.എസ്.ജിയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന്റെ വെളിച്ചത്തില്‍ ദല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാവിലെ 10.30ന് കോടതി നടപടികള്‍ ആരംഭിക്കാനിരിക്കെയായിരുന്നു സ്‌ഫോടനം. സ്‌ഫോടന സ്ഥലത്തു നിന്ന് സ്യൂട്ട്‌കേസിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് സ്‌ഫോടനവുമായി എന്തെങ്കിലും ബന്ധമുണ്‌ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

സന്ദര്‍ശകരെയും അഭിഭാഷകരെയും കടത്തിവിടുന്നത് അഞ്ചാം നമ്പര്‍ ഗേറ്റ് വഴിയാണ്. ഇതിനുസമീമാണ് സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവിടെയാണ് സ്‌ഫോടനമുണ്ടായത്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ബോംബ് സ്വാഡും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. സ്‌ഫോടനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

ഈ വര്‍ഷം മെയ് 25ന് ഡല്‍ഹി ഹൈക്കോടതിയുടെ ഏഴാം നമ്പര്‍ ഗേറ്റിന് സമീപവും സ്‌ഫോടനം നടന്നിരുന്നു. ക്രൂഡ് ബോംബായിരന്നു അന്ന് പൊട്ടിത്തെറിച്ചത്.