മടങ്ങിവരവിന്റെ പ്രണയം…

single-img
5 September 2011

മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ച് വീഴ്ചയുടെ കാലഘട്ടങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. അത് ‘കൈയിലിരിപ്പിന്റെ ഗുണം’ കൊണ്ടാണെന്ന കാര്യം മലയാള ചലച്ചിത്രമേഖലയില്‍ പരസ്യമായ കാര്യവുമാണ്. സ്വന്തം അഭിനയ സാധ്യത ചൂഷണം ചെയ്യുന്ന വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതിലെ പരാജയമാണ് ലാലിനെ പരാജയങ്ങളിലേക്ക് തള്ളിവിടുന്ന യഥാര്‍ത്ഥ വസ്തുത. മുമ്പ് 1996 ല്‍ ‘ദ പ്രിന്‍സ്’ എന്ന ചിത്രത്തിന് ശേഷം ലാല്‍ ഇതുപോലുള്ള ഒരു സാഹചര്യം അനുഭവിച്ചതുമാണ്. പക്ഷേ പിന്നീട് ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരു വന്‍ തിരിച്ചുവരവ് നടത്തി വാനപ്രസ്ഥത്തിലുടെ ദേശിയ അവാര്‍ഡും ലാല്‍ കരസ്ഥമാക്കി.

സമീപകാലത്തെ മിക്കചിത്രങ്ങളും ലാലിന്റെ സിനിമാ ജീവിതത്തിനു തന്നെ ഭീഷണിയുണര്‍ത്തുന്ന തരത്തിലാണ് തിയേറ്ററുകളെ സമീപിച്ചത്. യാതൊരുവിധ അഭിനയ സാദ്ധ്യതയോ കാഴ്ചാ സുഖമോ ഇല്ലാത്ത ക്രിസ്ത്യന്‍ ബ്രദേഴ്‌സും ചൈനാടൗണുമൊക്കെ പ്രേക്ഷകരെ നിരാശപ്പെടുത്തി കടന്ന പോയപ്പോള്‍ മോഹന്‍ലാലിന്റെ പ്രതിഭയ്ക്കുമേലേ വരയിടുന്ന കാലം സമാഗതമായെന്നുവരെ പ്രേക്ഷകര്‍ വിധിയെഴുതി. പക്ഷേ, വീണ്ടുമൊരു തിരിച്ചുവരവിന്റെ പാത വെട്ടിത്തെളിച്ചുകൊണ്ട് ലാല്‍ തന്റെ പ്രതിഭയെ പ്രണയത്തിലൂടെ തുറന്നുകാട്ടിയിരിക്കുന്നു.

പ്രണയം എന്ന പേര് സിനിമ ഇറങ്ങുന്നതിനു മുമ്പുതന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രണയം വിഷയമായി ആയിരത്തോളം സിനിമകള്‍ ഈ മലയാളത്തില്‍ ഉദയം െചയ്തിട്ടുണ്ടെങ്കിലും ‘പ്രണയം’ എന്ന പേര് ഒരു സിനിമയ്ക്കും ഇതുവരെ കണ്ടിരുന്നില്ല. മാത്രമല്ല മോഹന്‍ലാലും ബ്ലസിയും കൂടെ ചേരുമ്പോള്‍ ഉണ്ടാകാറുള്ള ആ ഒരു കെമിസ്ട്രി പ്രേക്ഷകര്‍ ഇവിടെയും പ്രതീക്ഷിച്ചു. പ്രായത്തിനനുസരിച്ചുള്ള വ്യക്തിത്വമുള്ള സിനിമകള്‍ ചെയ്യുന്നില്ലെന്ന തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് തന്റെ അഭിനയത്തിലൂടെ മറുപടി കൊടുത്തുകൊണ്ട് വീണ്ടും ലാല്‍ വാര്‍ത്തകളില്‍ നിറയുന്നു.

വാര്‍ദ്ധക്യത്തിലൂടെ കടന്നുപോകുന്ന തന്റെ ശരീരത്തിന്റെ ന്യൂനതകളെ പാകപ്പിഴകളില്ലാതെ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിച്ച മാത്യൂസ് ലാലിന്റെ അഭിനയജീവിതത്തിലെ മറക്കാനാവാത്ത കഥാപാത്രമായി മാറും. കൂടെ ജയപ്രദയും അനുപംഖേറും പ്രേക്ഷക മനസ്സിലേക്ക് ഓടിക്കയറും.

അച്യൂതമേനോന്‍ (അനുപംഖേര്‍) വളരെക്കാലത്തിന് ശേഷം ഗ്രേസുമായി (ജയപ്രദ) കാണുന്നു. വ്യത്യസ്ഥ മതക്കാരായ ഇവര്‍ കാലങ്ങള്‍ക്ക് മുമ്പേ പ്രണയിച്ച് വിവാഹം കഴിക്കുകയും എന്നാല്‍ കുറച്ച് കാലങ്ങള്‍ക്ക് ശേഷം വേര്‍പിരിയുകയുമാണുണ്ടായത്. ഇതില്‍ ഇവര്‍ക്ക് സുമരഷ് മേനോന്‍ (അനൂപ് മേനോന്‍) എന്ന ഒരു മകനുമുണ്ട്. ഗ്രേസ് മറ്റൊരു വിവാഹം കഴിഞ്ഞ് ഒരു മകളുമുണ്ട്. ഭര്‍ത്താവ് മാത്യൂസ് (മോഹന്‍ലാല്‍). മകളും (ധന്യാമേരി വര്‍ഗ്ഗീസ്) മരുമകനും അവരുടെ കുഞ്ഞുമായി താമസിക്കുന്നു. പളയ ഫിലോസഫി പ്രൊഫസറായ മാത്യൂസ് ശരീരത്തിന്റെ വലതുവശം തളര്‍ന്ന് വീല്‍ചെയറിലാണ്. പണ്ട് തന്നെയും അച്ഛനേയും ഉപേക്ഷിച്ചുപോയ കാരണം വച്ച് സുരേഷിന് ഗ്രേസിനോട് വെറുപ്പാണ്. ഇവിടെവച്ച് അച്യുതമേനോനും ഗ്രേസിന്റെ ഭര്‍ത്താവെന്ന നിലയില്‍ മാത്യൂസും കൂട്ടുകാരാകുന്നു. അവര്‍ മൂവരുടെയും സൗഹൃദത്തിനിടയില്‍ ഇതിനെ സംബന്ധിച്ച് അവരുടെ മക്കള്‍ക്കിടയിലുണ്ടാകുന്ന എതിര്‍പ്പുകളും മറ്റുമാണ് പിന്നീട് കഥയെ മുന്നോട്ടു കൊണ്ടു പോകുന്നത്.

മോഹന്‍ലാല്‍- ബ്ലസി കൂട്ടുകെട്ടിന്റെ തന്മാത്രയുടെ അവസാനമുള്ള ഒരു ഫീലിംഗിനോളം ഈ ചിത്രം സമ്മാനിക്കുന്നില്ല എന്നൊരു പോരായ്മയുണ്ട്. പക്ഷേ രണ്ടു ചിത്രങ്ങളും പ്രേപമേയത്തിലുള്ള വ്യത്യാസം കൂടി നാം കാേണണ്ടതാണ്. അനുപംഖേറിന്റെ മലയാളം ഡബ്ബിംഗിനും ചെറിയ േപാരായ്മകള്‍ സിനിമയില്‍ കാണാന്‍ കഴിയും. റിസബാവയുടെ ശബദത്തിനനുസരിച്ച് ചുണ്ടുകള്‍ ചലിപ്പിക്കാന്‍ അനുപംഖേറിന് കഴിഞ്ഞിട്ടില്ല. അതൊഴിച്ച് നിര്‍ത്തിയാല്‍ നല്ലൊരു മലയാളി നായരായി അനുപം മാറിയിട്ടുണ്ട്.

അനൂപ്‌മേനോന്‍ പതിവുപോലെ നിസംഗത വച്ചുപുലര്‍ത്തിയുള്ള അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. എന്നിരുന്നാലും മോഹന്‍ലാലും കൂട്ടുകാരും അഭിനയത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലാത്തതുകൊണ്ട് മറ്റുകാര്യങ്ങളൊന്നും പ്രേക്ഷകനെ ബാധിക്കുന്നില്ല.

പ്രണയം യുവജനതയുടെ മാത്രം സ്വന്തമല്ലെന്നും എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെയുണ്ടാകുന്ന വികാരമാണ് പ്രണയമെന്നും ഈ ചിത്രം അടിവരിയിടുന്നു. വളരെക്കാലത്തിന് ശേഷം കണ്ട നല്ലൊരു ചി്രതം എന്ന നിലയില്‍ മാത്രമായിരിക്കില്ല ‘പ്രണയം’ പ്രേക്ഷക മനസ്സില്‍ തങ്ങിനില്‍ക്കുന്നത്. മലയാളം കണ്ട മഹാനടന്റെ തിരിച്ചുവരവായും ഈ ചിത്രത്തെ പ്രേക്ഷകര്‍ ഓര്‍ക്കും.