വി.എസിന് ടെന്‍ഷന്‍: കുഞ്ഞാലിക്കുട്ടി

single-img
3 September 2011

കോഴിക്കോട്: വി. എസ് സമ്മര്‍ദ്ദത്തിലും ടെന്‍ഷനിലുമാണെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും മകന്റെ കേസുമായി ബന്ധപ്പെട്ടുമാണ് വി.എസിന് സമ്മര്‍ദ്ദം. ഐസ്‌ക്രീം കേസിനോടനുബന്ധിച്ച് സി. ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് വി. എസ് ഹര്‍ജി നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി സമ്മേളനങ്ങളും തിരഞ്ഞെടുപ്പും വരുമ്പോള്‍ ഇങ്ങനത്തെ പുക മറകള്‍ സൃഷ്ടിക്കുന്നത് വി. എസിന്റെ ഏര്‍പ്പാടാണ്. അത്‌കൊണ്ടാണ് രാജാക്കന്മാര്‍ക്കെതിരെയും ഐസ്‌ക്രിം കേസുമായും ബന്ധപ്പെട്ടുള്ള ഈ നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വി. എസിനെതിരെ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ചില മന്ത്രിമാര്‍ ഭൂമി തട്ടിപ്പ് കേസില്‍ ജയിലിലായ കാര്യം ഓര്‍മ്മിക്കണം. ഐസ്‌ക്രീം കേസ് എന്നത് ഭൂലോക പ്രശ്‌നമൊന്നുമല്ല. ലീഗിന് അത് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. ഞങ്ങള്‍ക്ക് വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഇന്ന് വൈകീട്ട് നാലിന് ചേരുന്ന ലീഗ് നേതൃ യോഗത്തില്‍ വിക്കീലീക്‌സ്, ഐസ്‌ക്രീം കേസ് സി. ബി. ഐ അന്വേഷണം എന്നിവ ചര്‍ച്ചയാകും. അമേരിക്കന്‍ അധികൃതരോടുള്ള മുനീറിന്റെ കമന്റ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നേതൃത്വത്തില്‍ ശക്തമാണ്. നാളെ രാവിലെ സംസ്ഥാന കൗണ്‍സിലും ചേരുന്നുണ്ട്.