ഇടിത്തിയായി തേജാഭായ്

single-img
2 September 2011

മലയാള സിനിമയെ തകര്‍ച്ചയില്‍ നിന്നും പുനരുജ്ജീവിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന യങ്ങ് സൂപ്പര്‍സ്റ്റാറിന്റെ തകര്‍ച്ച പ്രേക്ഷകര്‍ കാണേണ്ട ഗതികേടിലാണ് ഇപ്പോള്‍. നല്ല സിനിമകള്‍ക്ക് മാത്രം ഡേറ്റുകൊടുക്കുക, കുടുംബം മുഴുവന്‍ തിരക്കഥ വായിച്ച് നോക്കി പ്രേക്ഷകരുടെ കരളലിയിപ്പിക്കുന്നതെങ്കില്‍ മാത്രം അഭിനയിക്കുക എന്നൊക്കെ നാഴികയ്ക്ക് നാല്‍പ്പത്‌വട്ടം പത്രക്കാരെ വിളിച്ചുകൂട്ടി പറഞ്ഞുകൊണ്ടിരിക്കുന്ന യങ്ങ് സൂപ്പര്‍സ്റ്റാര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും എന്താണെന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലാകാത്ത വിധത്തിലുള്ള കാര്യങ്ങളാണ്.

പ്രിയദര്‍ശന്റെ അരുമ ശിഷ്യനായ ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ‘തേജാഭായ് ആന്റ് ഫാമിലി’ എന്ന ചിത്രം ഒരര്‍ത്ഥത്തില്‍ തിയേറ്ററിനുള്ള പ്രേക്ഷകരെ കൊല്ലാക്കൊല ചെയ്യുകയാണ്. തമാശയും റൊമാന്‍സുമൊക്കെ ആവശ്യത്തിനുള്ള ആക്ഷന്‍ ചിത്രം എന്ന് ചാനലുകളിലെ സെലിബ്രറ്റി ഷോയ്കളില്‍ കയറിയിരുന്ന് പറയുന്ന നായകനും സംവിധായകനും അടക്കം ഈ ചിത്രത്തെ ഒന്നുംകൂടി കാണുന്നത് അവര്‍ക്ക് നല്ലതായിരിക്കും.

മലേഷ്യയിലെ വിണ്ണിലുയര്‍ന്ന് നില്‍ക്കുന്ന അധോലോക നേതാവായ തേജഭായ് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കുവാന്‍ ഇങ്ങ് താഴെ മണ്ണിലേക്കിറങ്ങിവന്ന് കാണിക്കുന്ന കോപ്രായങ്ങളുടെ സങ്കലനമാണ് ഈ ചിത്രം. മലേഷ്യയിലെ കര്‍ത്ത (സുമന്‍) എന്ന ബിസിനസ് മാഗ്നറ്റ് തേജാഭായുടെ സഹായത്തോടെ വി ഗ്രൂപ്പ് എം.ഡി ഗോപിനാഥനെ (അശേകാന്‍) പേടിപ്പിച്ച് വി ഗ്രൂപ്പിന്റെ പ്രോപ്പര്‍ട്ടി കയ്യിലാക്കുന്നു. തുടക്കത്തില്‍ തന്നെ നായകന്റെ സ്ഥിരം പെര്‍ഫോമന്‍സായ അടി, വെടി, വെട്ട് തുടങ്ങിയ കലാപരിപാടികളോടു കൂടി സിനിമയുടെ തീശ്ശീലയുയരുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാകും, വരാന്‍ പോകുന്നത് വെറും കാറ്റല്ല, കൊടുങ്കാറ്റാണെന്ന്.

മലേഷ്യയില്‍ വച്ച് തേജാ വേദിക (അഖില) എന്ന പെണ്‍കുട്ടിയെകണ്ട് ഇഷ്ടപ്പെടുന്നതാണ് ഈ കൊടുങ്കാറ്റിന്റെ ആരംഭം. താന്‍ വലിയ അധോലോകമാണെന്നതൊക്കെ മറച്ചുവച്ച് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ റോഷന്‍ എന്ന പേരില്‍ വേദികയുമായി അടുക്കുന്നു. പക്ഷേ വേദികയുടെ അച്ഛന്‍ (തലൈവാസല്‍ വിജയ്) അവള്‍ക്ക് വേറൊരു വിവാഹം ആലോചിക്കുന്നു. കണിശക്കാരനായ അച്ഛന്‍ മകളെ കല്ല്യാണം കഴിക്കാന്‍ പോകുന്ന ചെറുക്കന്റെ കുടുംബവും സ്വഭാവവുമൊക്കെ ഡീസന്റായിരിക്കണമെന്ന വാശിയുമുണ്ട്. കൂടാതെ കുടംബ ഗുരുവായ വശ്യവചസ് (സുരാജ്) പറയുകയും കൂടി വേണം.

ഇതിനിടയില്‍ തേജയുടെ സംഘത്തിന്റെ പിടിയിലായ വശ്യവചസിനേയും കൊണ്ട് തേജ നാട്ടിലേക്കുവരുന്നു. നല്ലൊരു കുടുംബമുണ്ടായാല്‍ മാത്രമേ തനിക്ക് വേദികയെ കെട്ടാനാകു എന്ന തിരിച്ചറിവില്‍ നിന്നും ആ നിഷ്‌കളങ്കന്‍ വശ്യവചസിനേയും കൂട്ട് പിടിച്ച് ഒരു തട്ടിക്കൂട്ട് കുടംബമുണ്ടാക്കുവാന്‍ ശ്രമിക്കുന്നു. പിന്നീടങ്ങോട്ട് ആ കുടുംബത്തില്‍ വന്നുകയറുന്നവരും തേജയും വശ്യവചസും എല്ലാപേരും കൂടിയുള്ള പൂച്ചയും എലിയും കളിയാണ് പിന്നീട് ഈ സിനിമ. ഇതിനിടയില്‍ വന്ന് മിന്നിമറയുന്ന കറേയേറെ കഥാപാത്രങ്ങളുമുണ്ട്- നെടുമുടി വേണുവും, കൊല്ലം തുളസിയും, ചാലിപാല തുടങ്ങിയവര്‍.

ബെന്‍ഹര്‍ പോലുള്ള മഹത്തായ സിനിമകള്‍ മാത്രം കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന രാജുമോന് അഭിമാനിക്കാം, അതേപോലുള്ള ഒരു ക്ലാസിക്കില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്. പഴയ പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ കാണുന്ന തരത്തിലുള്ള തമാശയ്ക്ക് വേണ്ടി തമാശയുണ്ടാക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഗതി. ഇടയ്ക്കുള്ള അഭിമുഖത്തില്‍ പ്രിഥ്വിരാജ് പറയുകയുണ്ടായി, ജനങ്ങള്‍ കാണാന്‍ ആഗ്രഹിച്ചിരുന്ന ചിത്രമാണ് തേജാഭായ് എന്ന്. ഈ ‘ആഗ്രഹിച്ച’ ജനങ്ങള്‍ ആരാണെന്ന് കൂടി പ്രിഥ്വിരാജ് വ്യക്തമാക്കണമായിരുന്നു.

ചെറിയൊരു സാമാന്യ േബാധത്തിന്റെ കണിക പോലും പ്രേക്ഷകരുടെ തലയ്ക്ക് രുചിക്കുന്ന തരത്തിലുള്ള രീതിയിലല്ല ചിത്രം സംസാരിക്കുന്നത്. യുക്തി വീട്ടില്‍ വച്ചിട്ട് വേണം സിനിമ കാണാന്‍ പോകേണ്ടത്. പിന്നെ അഭിനേതാക്കളുടെ കാര്യം. മരുന്നിനുപോലും ഒരെണ്ണത്തിനെയെടുക്കാനില്ലാത്ത സ്ഥിതിയിലാണത്. േദശിയ അവാര്‍ഡ് േജതാവായ സലീംകുമാറിന്റെ പ്രകടനം അതിലെടുത്തുപറയേണ്ട ഒന്നാണ്. പ്രിഥ്വിയുടെ കോമഡികണ്ട്് ആര്‍ക്കെങ്കിലും തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോകാന്‍ തോന്നുന്നുവെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്. ജഗതി ഒന്നും ചെയ്യാനാകാതെ നില്‍ക്കുമ്പോള്‍ സുരാജും ജഗദീഷും തങ്ങളുടെ വേഷങ്ങള്‍ പതിവുപോലെ ഭംഗിയായി ബോറാക്കിയിട്ടുണ്ട്.

ദീപൂകരുണാകരന്‍ എന്ന സംവിധായകന്‍ തന്റെ കഴിഞ്ഞ ചിത്രമായ ക്രേസി ഗോപാലനില്‍ നിന്നും ഒട്ടും മുന്നോട്ടുപോയിട്ടില്ല എന്നു മാത്രമല്ല ഒത്തിരിദൂരം പുറകിലേക്കു പോയിട്ടുമുണ്ട്. മലയാള സിനിമയ്ക്ക് സമുല പരിവര്‍ത്തനമുണ്ടാക്കിയെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന പ്രിഥ്വിരാജ് ഈ ചിത്രം ഒന്ന് കണ്ട് വിലയിരുത്തേണ്ടത് അത്യാവശ്യം തന്നെയാണ്.