സിപിഎമ്മിന് അമേരിക്കന്‍ ബന്ധമെന്ന് വിക്കിലീക്സ് രേഖ

single-img
30 August 2011

സിപിഎം നേതാക്കളുടെ അമേരിക്കൻ ബന്ധം വ്യക്തമാക്കുന്ന വിക്കിലീക്സ് രേഖ പുറത്തു വന്നു.അമേരിക്കൻ പൊളിറ്റിക്കല്‍ കൌണ്‍സിലറുമായി പാര്‍ട്ടി ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരങ്ങളാണ് വെളിപ്പെടുത്തലില്‍ ഉള്ളത്.യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി പിണറായി വിജയന്‍, എം.എ ബേബി, തോമസ് ഐസക്ക് എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് പുറത്തായത്.കൊക്കോ കോളക്കെതിരായ സമരം പ്രാദേശിക പ്രശ്നം മാത്രമാണു,അമേരിക്കൻ ബന്ധത്തെ ഇത് ബാധിക്കരുതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നു

സ്റ്റാലിന്‍, ലെനിന്‍ എന്നീ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രത്തിന് താഴെയിരുന്നാണ് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ അമേരിക്കന്‍ നിക്ഷേപത്തിന് വേണ്ടി ശക്തമായി വാദിച്ചതെന്നും ഇത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വിക്കി ലീക്സ് രേഖകൾ വ്യക്തമാക്കുന്നു.

യു.എസ് കമ്പനികളുമായി ഞങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല. സര്‍ക്കാരിന്റെ പക്കല്‍ വികസന പ്രവര്‍ത്തനത്തിനു വേണ്ട ഫണ്ടില്ല. സ്വകാര്യ മേഖലയില്‍ നിന്ന് ഫണ്ട് ആവശ്യമുണ്ട്. യു.എസ് നിക്ഷേപത്തിന്റെ കാര്യത്തില്‍ സി പി എമ്മിന്റെ മാറുന്ന കാഴ്ചപ്പാട് പോളിറ്റ് ബ്യൂറോ മെമ്പര്‍ കൂടിയായ പിണറായി വിജയന്‍ ഇങ്ങനെ അവതരിപ്പിച്ചത്.

പാര്‍ട്ടിയിലെ വിഭാഗീതയെക്കുറിച്ചും വിക്കിലീക്‌സ് റിപ്പോര്‍ട്ടിലുണ്ട്‌. പാര്‍ട്ടിയില്‍ പിണറായിയുടെ നേതൃത്വത്തിലുള്ള പരിഷ്‌കരണവാദികളും വിഎസ്‌ അച്യൂതാനന്ദന്റെ നേതൃത്വത്തിലുള്ള പാരമ്പര്യവാദികളും തമ്മില്‍ ആശയഭിന്നത നിലനില്‍ക്കുന്നു. എന്നാല്‍ പരിഷ്‌കരണവാദികള്‍ക്കാണ്‌ മുന്‍തൂക്കമെന്നതിനാല്‍ അവര്‍ പറയുന്നതേ നടപ്പാകൂവെന്നും പൊളിറ്റിക്കല്‍ കൗണ്‍സിലര്‍ അയച്ച സന്ദേശത്തില്‍ പറയുന്നതായും വിക്കിലീക്‌സ് വെളിപ്പെടുത്തുന്നു.

ആയൂർവേദ ചികിൽസയെന്ന കാരണം പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നിരുന്നതായി രേഖകൾ പറയുന്നു