അട്ടപ്പാടി:കമ്പനി കയ്യേറിയ ഭൂമിയിൽ നിന്നുള്ള വരുമാനം ആദിവാസികളുമായി വീതിക്കും.

single-img
25 August 2011

തിരുവനന്തപുരം: അട്ടപ്പാടിയില്‍ സുസ്ലോണ്‍ കമ്പനി കൈവശപ്പെടുത്തിയ ഭൂമിയിലെ കാറ്റാടിയന്ത്രങ്ങളില്‍നിന്നുള്ള വരുമാനം ആദിവാസികള്‍ക്കു കൂടി വീതിച്ചു നല്‍കാന്‍ ധാരണയായികാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ആദിവാസികളുടെ ഭൂമിയുടെ ഉടമസ്ഥാവകാശം അവര്‍ക്കുതന്നെയായിരിക്കും. ഈ ഭൂമിയില്‍ കൃഷിയിറക്കാനുള്ള പദ്ധതിക്കും രൂപം നല്‍കും.
ആദിവാസി സംഘടനാ പ്രതിനിധികളും വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളും സ്വിസ്ലോണ്‍ കമ്പനി പ്രതിനിധികളും റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചര്‍ച്ചയില്‍ പങ്കെടുത്തു.
ആദിവാസികളില്‍നിന്നു കൈവശപ്പെടുത്തിയത് എത്ര ഏക്കര്‍ ഭൂമിയാണെന്നു കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. പാലക്കാട് കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം 85.2 ഏക്കറാണു കയ്യേറിയിരിക്കുന്നത്. ഇതു പൂര്‍ണമായ കണക്കല്ല. എന്നാല്‍ 124 ഏക്കര്‍ മുതല്‍ 180 ഏക്കര്‍ വരെ കയ്യേറിയിട്ടുണ്ടെന്ന് ആദിവാസി നേതാക്കള്‍ പറയുന്നു.വിശദമായ പരിശോധന നടത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ജില്ലാ കലക്‌ടര്‍ക്കു നിര്‍ദേശം നല്‍കും. കാറ്റാടി കമ്പനി കൈവശം വച്ചിരിക്കുന്ന ഭൂമിക്കു ശരിയായ രേഖകള്‍ ഉണ്ടെങ്കില്‍ ഉടമസ്‌ഥാവകാശം അവര്‍ക്കു നല്‍കും.
കമ്പനി അധികൃതര്‍ രേഖകളുമായി റവന്യു അധികൃതരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. സംശയത്തിന്റെ ആനുകൂല്യം കൊടുക്കേണ്ടി വന്നാല്‍ അത് ആദിവാസികള്‍ക്കായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഉടമസ്ഥത തെളിയിക്കേണ്ട ചുമതല കമ്പനിയുടേതാണ്. ഭൂമി തിരിച്ചുകിട്ടുന്നതിനു പകരം വരുമാനം വീതിച്ചാല്‍ മതിയെന്ന ആവശ്യം ആദിവാസികളില്‍നിന്നാണു വന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.