വിവരാവകാശ പ്രവര്‍ത്തക ഷെഹ്ല മസൂദ് വെടിയേറ്റു മരിച്ചു

single-img
17 August 2011

ഭോപ്പാല്‍: അണ്ണാ ഹസാരെ അനുകൂലിയും വിവരാകാശ പ്രവര്‍ത്തകയുമായ ഷെഹ്ല മസൂദ് (35)അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.നഗരത്തില്‍ കൊഹിഫിസ ഭാഗത്തുള്ള വസതിക്കു മുന്നില്‍ കാറിൽ വെച്ചായിരുന്നു ആക്രമണം.മിനിട്ടുകള്‍ കഴിഞ്ഞിട്ടും കാര്‍ പുറപ്പെടാത്തതില്‍ സംശയം തോന്നിയ ബന്ധുക്കള്‍ ചെന്നു നോക്കുമ്പോള്‍ ഡ്രൈവര്‍സീറ്റില്‍ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു ഷെഹ്ല. സൈലന്‍സര്‍ ഘടിപ്പിച്ച തോക്കാണ് കൊലയാളി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു.
അഴിമതിക്കും മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചിരുന്ന ഷെഹ്‌ല അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഈയിടെ ഭോപ്പാലില്‍ നിരാഹാരസമരം നടത്തിയിരുന്നു. പരിസ്ഥിതി-വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. മിറാക്കിള്‍സ് എന്ന കമ്പനിയുടെ ഉടമ കൂടിയായ അവര്‍ ‘ഇവന്റ് മാനേജ്‌മെന്റ്’ ഉള്‍പ്പെടെയുള്ള സംരഭങ്ങള്‍ നടത്തിയിരുന്നു.
കൊലയ്ക്ക് കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നും പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും ഭോപ്പാല്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് ആദര്‍ശ് കത്യാര്‍ പറഞ്ഞു.